
കോട്ടയം ഉൾപ്പടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് സൂര്യാഘാത സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്..
സ്വന്തംലേഖകൻ
കോട്ടയം : സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് സൂര്യാഘാത സാധ്യതയുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി കടുത്ത ചൂട് അനുഭവപ്പെട്ടേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യത.പാലക്കാട് ജില്ലയില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പകല്‍ സമയത്ത് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യ രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.കൈയ്യില്‍ എപ്പോഴും കുപ്പിയില്‍ വെള്ളം കരുതണമെന്നും
പകല്‍ സമയങ്ങളില്‍ ചായയും കാപ്പിയും ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണമെന്നും മുന്നറിയിപ്പുണ്ട്.