
ഒരുദിവസത്തെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിൽ എഴുന്നേറ്റയുടൻ ചെയ്യുന്ന ചിലകാര്യങ്ങൾക്കും വലിയ പങ്കുണ്ട്.
ദിവസം മുഴുവൻ അകാരണമായി ക്ഷീണവും ഊർജക്കുറവും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ശീലങ്ങളിലും പരിശോധന വേണമെന്നർഥം. ഊർജക്കുറവിലേക്കും ക്ഷീണത്തിലേക്കും നയിക്കുന്ന അനാരോഗ്യകരമായ ചില ശീലങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ഉറക്കം എഴുന്നേറ്റയുടൻ പലർക്കും ചായയോ, കോഫിയോ നിർബന്ധമാണ്. എന്നാൽ രാത്രിമുഴുവൻ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിൽ നിർജലീകരണമുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുന്നേറ്റയുടൻ വെള്ളം കുടിക്കാതെ കോഫിയാണ് കുടിക്കുന്നതെങ്കിൽ അത് നിർജലീകരണം കൂട്ടുകയാണ് ചെയ്യുക. കാരണം കോഫിയിലെ കഫീനാണ്.
നിർജലീകരണം ഉണ്ടാകുന്നത് ശരീരത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്യും. മാത്രമല്ല കോഫി കുടിക്കുന്നതോടെ വിശപ്പ് ശമിക്കുകയും ഇത് പ്രാതൽ നന്നായി കഴിക്കാൻ തടസ്സമാവുകയും ചെയ്യും.
അതിനാൽ എഴുന്നേറ്റയുടൻ ശുദ്ധമായ വെള്ളം കുടിക്കുന്നത് ഊർജം പകരുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും.
ആദ്യത്തെ കോഫി കുടിക്കുന്നതിന് മുമ്പ് രണ്ട് കപ്പ് വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
പലരും തിരക്കിന്റെ പേരുപറഞ്ഞ് പ്രാതൽ ഒഴിവാക്കാറുണ്ട്. പ്രാതൽ കഴിക്കാതിരിക്കുന്നതിലൂടെ പിന്നീട് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ഇത് രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ മാറ്റമുണ്ടാക്കുകയും ചെയ്യും.
എഴുന്നേറ്റുകഴിഞ്ഞ് രണ്ടുമണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കണം. പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും നാരുകളും കാർബോഹൈഡ്രേറ്റുമെല്ലാം അടങ്ങിയ സന്തുലിതമായ ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്.
പ്രാതൽ കഴിക്കാതിരിക്കുന്നതിലൂടെ ശരീരത്തിന് പ്രവർത്തനത്തിനാവശ്യമായ ഊർജം ലഭിക്കാതിരിക്കുകയും ക്ഷീണം വർധിക്കുകയും ചെയ്യും.
വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം രാവിലെകളാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാത്തവരിൽ ഹൃദ്രോഗം, പലവിധം കാൻസറുകൾ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം തുടങ്ങി പലവിധരോഗങ്ങളും സ്ഥിരീകരിക്കാറുണ്ട്.
ഉദാസീനമായ ജീവിതശൈലി പുലർത്തുന്നവരിൽ രക്തചംക്രമണം ദുർബലമാവുകയും എൻഡോർഫിന്റെ നില താഴുകയും ചെയ്യും.
ഇവയെല്ലാം മാനസികാവസ്ഥ തകിടം മറിക്കുകയും ക്ഷീണം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും.
എഴുന്നേറ്റയുടൻ ഫോൺ നോക്കുന്നത്
ഉറങ്ങി എഴുന്നേറ്റയുടൻ മൊബൈൽ ഫോൺ കൈയിലെടുക്കുന്നവർ നിരവധിയാണ്. വാർത്തകൾ നോക്കാനും മെയിലുകൾ പരതാനും സോഷ്യൽ മീഡിയയിലെ പുതിയ അപ്ഡേറ്റുകൾ അറിയാനുമൊക്കെയാവാം ഇത്.
എന്നാൽ എഴുന്നേറ്റയുടൻ ഫോൺ നോക്കുന്നത് മസ്തിഷ്കത്തിന് അത്ര നല്ലതല്ല. മൊബൈൽ ഫോണിൽ നിന്നുള്ള പലകാഴ്ചകളും വിവരങ്ങളുമൊക്കെ സമ്മർദം വർധിപ്പിക്കുകയും അമിത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും.
ഇത് ക്രമേണ മാനസികാവസ്ഥ തകരാറിലാക്കുകയും ചെയ്യും. അതിനാൽ എഴുന്നേറ്റയുടൻ അൽപം നടന്ന്, സ്ട്രെച്ചിങ് പോലുള്ളവ ചെയ്തതിനുശേഷം കുറഞ്ഞത് പതിനഞ്ച് മിനിറ്റെങ്കിലും കഴിഞ്ഞുവേണം മൊബൈൽ കൈയിലെടുക്കാൻ.
അലാം അടിക്കുമ്പോൾ തന്നെ ഓഫ് ചെയ്ത് എഴുന്നേൽക്കുന്നതിന് പകരം അത് സ്നൂസ് ചെയ്ത് അൽപംകൂടി കിടക്കാമെന്ന് കരുതുന്നവരാണ് ഏറെയും. അതും നിങ്ങളുടെ ഒരു ദിവസത്തെ തകിടം മറിക്കുന്ന കാര്യമാണ്.
രാത്രിയിൽ ഏഴോ, എട്ടോ മണിക്കൂർ കൃത്യമായി ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. മറിച്ച് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ അലാം ശബ്ദം വരുമ്പോൾ തന്നെ അത് സ്നൂസ് ചെയ്യാനുള്ള സാധ്യത കൂട്ടും. ഇത് സമാധാനപൂർവം എഴുന്നേൽക്കാൻ തടസ്സമാവും.
മാത്രമല്ല അലാം സ്നൂസ് ചെയ്തുകഴിഞ്ഞുള്ള ഉറക്കം മിനിറ്റുകൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളു. ഇടയ്ക്കിടെ ശരീരം ഗാഢനിദ്രയിൽ നിന്ന് ഞെട്ടിയെഴുന്നേൽക്കുന്നത് രക്തസമ്മർദം വർധിക്കാനും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഊർജം കുറയാനുമൊക്കെ കാരണമാകും.
ഇന്ന് വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നവർ നിരവധിയാണ്. രാവിലെകളിലെ വെയിൽ കൊള്ളാതിരിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം. ശരീരത്തിന് ആവശ്യമായ വെയിൽ ലഭിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനാവും.



