
കോട്ടയം: ഗ്രാമീണ മേഖലയിലെ വിപണിയില്‍ വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകള്‍ സുലഭമായിട്ടും നടപടിയെടുക്കാതെ ആരോഗ്യഭക്ഷ്യസുരക്ഷാ വകുപ്പ്.
പലചരക്ക് വ്യാപാരകേന്ദ്രങ്ങളിലും മാർജിൻ ഫ്രീ മാർക്കറ്റുകളിലുമെല്ലാം അന്തർ സംസ്ഥാന ബ്രാൻഡുകളായ വെളിച്ചെണ്ണയാണ് വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നത്.
തട്ടുകടകളിലും ബേക്കിംഗ് ഹൗസുകളിലുമെല്ലാം വ്യാജ എണ്ണകളുടെ ഉപയോഗം നാള്‍ക്കുനാള്‍ വർദ്ധിച്ചുവരികയാണ്. വെളിച്ചെണ്ണയുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തില്‍ വ്യാജ എണ്ണലോബികള്‍ക്കെതിരെ സർക്കാർ കർശ്ശന നടപടി സ്വീകരിക്കാതെ പൊജുജനാരോഗ്യ സംവിധാനത്തെ തകർക്കുകയാണെന്നും ആക്ഷേപമുയരുന്നു.ബേക്കറികളില്‍ നിന്ന് വാങ്ങുന്ന എണ്ണ ചേർത്ത ഉത്പന്നങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശുദ്ധമായ വെളിച്ചെണ്ണയില്‍ മറ്റ് ഭക്ഷ്യഎണ്ണകള്‍ കലർത്തി നിർമ്മിക്കുന്ന ബ്ലെൻഡഡ് വെളിച്ചെണ്ണ ബ്രാൻഡുകള്‍ റീട്ടെയില്‍ ഹോള്‍സെയില്‍ വിപണികളില്‍ ലഭ്യമാണ്. ഒരു കിലോ വെളിച്ചെണ്ണയ്ക്ക് ഹോള്‍ സെയില്‍ വിപണിയില്‍ 400 രൂപയും റീട്ടെയില്‍ ഔട്ട് ലെറ്റുകളില്‍ 440 നും മുകളിലാണ് വില. എന്നാല്‍ ബ്ലെൻഡഡ് വകഭേദത്തില്പ്പെട്ടവക്ക് 100 രൂപ കുറവും. ഉയർന്ന തോതില്‍ വിറ്റഴിക്കപ്പെടുന്നത് ഇത്തരത്തിലുള്ള ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരമില്ലാത്തെ എണ്ണകളാണ്.
ഒരു കിലോ വെളിച്ചെണ്ണ ഹോള്‍ സെയില്‍ വിപണിയില്‍-400രൂപ
റീട്ടെയില്‍-440രൂപ
(ബ്ലെൻഡഡ് വെളിച്ചെണ്ണയ്ക്ക് 100രൂപ കുറവ്)
മാരക രോഗങ്ങള്‍ക്ക് സാദ്ധ്യത
ചേർക്കപ്പെടുന്ന മിശ്രിതങ്ങളിലെ എല്ലാ ചേരുവകളും ലേബലില്‍ വ്യക്തമായി പട്ടികപ്പെടുത്തണമെന്നാണ് നിയമപരമായ മുന്നറിയിപ്പെങ്കിലും ഇതൊന്നുമില്ലാതെയാണ് വ്യാജൻമാർ ഇറങ്ങിയിരിക്കുന്നത്. ആമാശയ ക്യാൻസർ പോലുള്ള മാരകരോഗങ്ങളാണ് ഇതുമൂലമുണ്ടാകുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാവകുപ്പ്
കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ബേക്കറി സ്ഥാപനങ്ങളിലെ ബേക്കിംഗ് ഹൗസുകളില്‍ നിന്നും വ്യാജ എണ്ണകള്‍ പിടികൂടി പരിശോധനക്കയച്ചിരുന്നു. പതഞ്ഞുപൊങ്ങുന്ന എണ്ണകളില്‍ മിശ്രിതങ്ങള്‍ ചേർത്താണ് ബ്ലെൻഡഡ് ലേബലിലെത്തുന്നത്. തിരുവനന്തപുരം ഫുഡ് ലാബിലേക്ക് അയക്കുമെങ്കിലും മാസങ്ങള്‍ കഴിഞ്ഞാണ് ഫലം വരുന്നത്. ഈ ഇടവേളയില്‍ കടകള്‍ക്ക് നോട്ടീസ് നല്കി പിഴ ചുമത്തി വീണ്ടും പ്രവർത്തനാനുമതി നല്‍കും.
ലേബല്‍ പതിപ്പിക്കാത്ത മില്‍ വെളിച്ചെണ്ണ
ഈ വർഷം ജനുവരിയില്‍ വെളിച്ചെണ്ണ വില 210 രൂപയായിരുന്നു. എന്നാല്‍ 400രൂപവരെ കടന്ന് വില കുതിച്ചുയരുകയാണ്. ചക്ക് വെളിച്ചെണ്ണ, ലേബല്‍ പതിപ്പിക്കാത്ത മില്‍ വെളിച്ചെണ്ണ എന്ന് പരസ്യപ്പെടുത്തി വ്യാജഎണ്ണകള്‍ വലിയതോതിലാണ് വിറ്റഴിക്കപ്പെടുന്നത്. ഫുഡ്് സേഫ്റ്റി ഉദ്യോഗസ്ഥരെ പരാതി അറിയിച്ചാല്‍ പരിശോധനയുടെ ഭാഗമായി മാത്രമേ കടകളിലെത്തി നിയമനടപടി സ്വീകരിക്കാൻ പറ്റുകയുള്ളൂവെന്നാണ് പറയുന്നത്.
നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഫുട് സേഫ്ടി വിഭാഗം പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ നാമമാത്രമാണ്. പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.



