
കോട്ടയം : വെള്ളം കുടിക്കുന്ന കുപ്പി വൃത്തിയാക്കാറുണ്ടോ നിങ്ങൾ. ഭൂരിഭാഗം ആളുകളും വല്ലപ്പോഴും മാത്രമാണ് കുപ്പി കഴുകി വൃത്തിയാക്കാറുള്ളത്. എന്നാൽ ഇതിൽ ധാരാളം അണുക്കൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നും നനവ് ഉണ്ടാകുമ്പോൾ കുപ്പിയിൽ കറ പറ്റുകയും, പൂപ്പലും ദുർഗന്ധവും ഉണ്ടാവുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം. കുപ്പി പുനരുപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
അണുക്കൾ ഉണ്ടാവുന്നു
പുനരുപയോഗിക്കുന്ന കുപ്പികൾ പ്രത്യക്ഷത്തിൽ കുഴപ്പങ്ങൾ ഇല്ലെന്ന് തോന്നാം. എന്നാൽ ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. കുപ്പിക്കുള്ളിലെ ഇരുണ്ടതും ഈർപ്പവുമുള്ളതായ അന്തരീക്ഷം അണുക്കൾ പെരുകാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇടയ്ക്കിടെ കുപ്പി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുകാം
ദിവസവും കുപ്പി കഴുകുന്നത് അണുക്കൾ ഉണ്ടാവുന്നതിനെ തടയുന്നു. കറ പറ്റിയിരിക്കുക, ദുർഗന്ധം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കുപ്പി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കലെങ്കിലും കുപ്പി നന്നായി കഴുകുന്നത് അണുക്കൾ ഉണ്ടാവുന്നത് തടയുന്നു. അതേസമയം ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ കുപ്പിയിൽ പൂപ്പൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കഴുകിയതിന് ശേഷം കുപ്പി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സോപ്പ്
സോപ്പ് ഉപയോഗിച്ച് ദിവസവും കുപ്പി കഴുകണം. ചെറിയ അളവിൽ ലിക്വിഡ് വാഷ് ഉപയോഗിക്കാവുന്നതാണ്. അതേസമയം ബ്രഷ് ഉപയോഗിച്ച് കുപ്പി കഴുകുന്നതാണ് ഉചിതം. ഇത് വൃത്തിയാക്കൽ പണി എളുപ്പമാക്കുന്നു. ചൂട് വെള്ളത്തിൽ ഡിഷ് വാഷ് ലിക്വിഡ് കലർത്തി കഴുകിയെടുക്കാം. കുപ്പിയുടെ മൂടി പ്രത്യേകം വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ബേക്കിംഗ് സോഡ
ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോൾ കുപ്പിയിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു. കുപ്പിയിലെ ദുർഗന്ധത്തെ അകറ്റാൻ ബേക്കിംഗ് സോഡ നല്ലതാണ്. കുപ്പിയിൽ കുറച്ച് ബേക്കിംഗ് സോഡ എടുക്കാം ശേഷം അതിലേക്ക് തണുത്ത വെള്ളം ഒഴിക്കണം. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം അടുത്ത ദിവസം നന്നായി കഴുകിയെടുത്താൽ മതി. ദുർഗന്ധത്തെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
വിനാഗിരി
വിനാഗിരി ഉപയോഗിച്ചും കുപ്പി വൃത്തിയാക്കാൻ സാധിക്കും. വൃത്തിയാക്കുന്നതിനൊപ്പം കുപ്പി അണുവിമുക്തമാക്കാനും ഇത് സഹായിക്കുന്നു. വിനാഗിരി ഒഴിച്ചതിന് ശേഷം കുപ്പിയിലേക്ക് തണുത്ത വെള്ളമൊഴിക്കാം. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം അടുത്ത ദിവസം കഴുകിയെടുത്താൽ മതി.