video
play-sharp-fill

വെസ്റ്റ് നൈല്‍; ആശങ്കപ്പെടേണ്ടതില്ല പ്രതിരോധമാണ്  പ്രധാനമെന്ന് ആരോഗ്യമന്ത്രി

വെസ്റ്റ് നൈല്‍; ആശങ്കപ്പെടേണ്ടതില്ല പ്രതിരോധമാണ് പ്രധാനമെന്ന് ആരോഗ്യമന്ത്രി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : വെസ്റ്റ് നൈല്‍ പനി ബാധയെ തുടര്‍ന്ന് ബാലന്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.
ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ്, ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ജില്ലാ വെറ്റിനറി യൂണിറ്റ് എന്നിവരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് നൈലിന്റെ ലക്ഷണങ്ങളുമായി ആരെങ്കിലുമെത്തിയാല്‍ പ്രത്യേകം നിരീക്ഷിക്കാനും അതിനായി പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കൊതുക് വഴിയാണ് വെസ്റ്റ് നൈല്‍ പകരുന്നത്. അതിനാല്‍ തന്നെ കൊതുകിന്റെ ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതിനാല്‍ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു ജില്ലാ കളക്ടറും വ്യക്തമാക്കി. സംശയാസ്പദമായ മറ്റു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാണെന്നും കളക്ടര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ല പക്ഷേ ജാഗ്രത പാലിക്കണം. പക്ഷികളിൽ നിന്ന് കൊതുക് വഴിയാണ് രോഗത്തിന്റെ ഉത്ഭവം. രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക പരിശോധനക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.