play-sharp-fill
രോഗപ്രതിരോധത്തിന് ഒറ്റക്കെട്ടായി ജില്ല; പ്രതിരോധ മാർഗങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് ജില്ലാ പൊലീസ് മേധാവി; കൊറോണയെ നേരിടാൻ കേരള പൊലീസും ജില്ലാ ഭരണകൂടവും കൈകോർക്കുന്നു

രോഗപ്രതിരോധത്തിന് ഒറ്റക്കെട്ടായി ജില്ല; പ്രതിരോധ മാർഗങ്ങൾ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച് ജില്ലാ പൊലീസ് മേധാവി; കൊറോണയെ നേരിടാൻ കേരള പൊലീസും ജില്ലാ ഭരണകൂടവും കൈകോർക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: രോഗ പ്രതിരോധത്തിലൂടെ കൊറോണയെ തുരത്താൻ ജില്ലാ ഭരണകൂടവും ജില്ലാ പൊലീസും കൈ കോർക്കുന്നു. കൊറോണയെ നേരിടാൻ വേണ്ടത് എന്താണെന്നു വ്യക്തമാക്കിയുള്ള സന്ദേശമാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് തന്റെ  ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഇത് അടക്കം ശക്തമായ പ്രതിരോധ നടപടികളാണ് ജില്ലാ ഭരണകൂടം പുറത്തു വിട്ടിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ വന്ന സന്ദേശം ഇങ്ങനെ –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തുവാല ഉപയോഗിച്ച് വായയും മൂക്കും മൂടുക.
കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
വായ, മൂക്ക് , കണ്ണ് എന്നിവയിൽ ഇടയ്ക്കിടെ സ്പർശിക്കാതെ ഇരിക്കുക.
രോഗബാധിത പ്രദേശങ്ങളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കു.
പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ മുൻകരുതൽ നിർദേശങ്ങളും പാലിക്കാൻ ശ്രമിക്കുക.

രോഗം സ്ഥിരീകരിച്ചവർ താമസിച്ചിരുന്ന പഞ്ചായത്തിലും തൊട്ടടുത്ത പഞ്ചായത്തിലും പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കം കുറിച്ചു. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പഞ്ചായത്തു കമ്മിറ്റികൾ യോഗം ചേർന്ന് ജനപങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.

രോഗം സ്ഥിരീകരിച്ചിരുന്നവർ താമസിച്ച പഞ്ചായത്തിലെ ഓരോ വാർഡിലും വാർഡ് മെംബർ കൺവീനറും കുടുംബശ്രീ, ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ അംഗങ്ങളുമായുള്ള പതിനഞ്ചംഗ സംഘം വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തും. ഇതിനു പുറമെ മൈക്ക് അനൗൺസ്‌മെൻറും ലഘുലേഖ വിതരണവും നടത്തും.

ആലോചനാ യോഗത്തിൽ മുൻ എം.എൽ.എ വി.എൻ. വാസവൻ, പഞ്ചായത്ത് പ്രസിഡൻറ് ജെസി നൈനാൻ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർ സംയോയജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. അനിൽകുമാർ,  പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ കരീം, മുൻ പ്രസിഡൻറ് ചെങ്ങളം രവി,  വാർഡംഗം സി.ടി. രാജേഷ്, അഡ്വ. ദീപ്തി സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

രോഗബാധിതരുടെ വീട്ടിൽ ഭക്ഷണം എത്തിക്കും

വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നവരുടെ വീട്ടിലുള്ള മാതാപിതാക്കൾക്ക് ഗ്രാമപഞ്ചായത്തിൻറെ നേതൃത്വത്തിൽ ഭക്ഷണവും അവശ്യ സഹായങ്ങളും ലഭ്യമാക്കും.

സ്ഥിതിഗതികൾ വിലയിരുത്തി

ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിൻറെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സമിതിയുടെ ജില്ലാതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുത്തു.

ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, എ.ഡി.എം. അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ, സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത് കുമാർ, ഡെപ്യൂട്ടി ഡി.എം. ഒ കെ.ആർ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

തഹസിൽദാർമാർക്ക് നിർദേശം

പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവരുണ്ടെങ്കിൽ ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തുടർ നടപടികൾ സംബന്ധിച്ച് തഹസിൽദാർമാർക്ക് നിർദേശം നൽകി.

പൊതു പരിപാടികൾ ഒഴിവാക്കണം

പൊതുജനങ്ങൾ ഒത്തുചേരുന്ന പരിപാടികളും ചടങ്ങുകളും പരമാവധി ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. വിവാഹച്ചടങ്ങുകളിലും ഒഴിവാക്കാനാകാത്ത കുടുംബ പരിപാടികളിലും അത്യാവശ്യം ആളുകൾ മാത്രം പങ്കെടുക്കാൻ ശ്രദ്ധിക്കണം.
ജില്ലാ ഭരണകൂടത്തിൻറെ നിർദേശമനുസരിച്ച് നാഗമ്പടം സെൻറ് ആൻറണീസ് തീർത്ഥാടന കേന്ദ്രത്തിലെ തിരുക്കർമ്മങ്ങൾ ഇന്നലെ ഓൺലൈനിൽ നടത്താൻ തീരുമാനിച്ചത് സ്വാഗതാർഹമെന്ന് അവലോകന യോഗം വിലയിരുത്തി.

എൻട്രൻസ് പരീശീലന കേന്ദ്രങ്ങൾ
പ്രവർത്തനം നിർത്തിവയ്ക്കും

ജില്ലാ ഭരണകൂടത്തിൻറെ നിർദേശം പരിഗണിച്ച് ജില്ലയിലെ എൻട്രൻസ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനം മാർച്ച് അവസാനം വരെ പൂർണമായി നിർത്തിവയ്ക്കുമെന്ന് പരിശീലന കേന്ദ്രങ്ങളുടെ പ്രതിനിധികൾ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചു. ഐ.ഇ.എൽ.ടി.എസ് സെൻററുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനവും നിർത്തിവയ്ക്കാൻ നിർദേശമുണ്ട്.

വിദേശ രാജ്യങ്ങളിൽനിന്ന്
എത്തിയവർ അറിയിക്കണം

ഇറ്റലി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്നെത്തുന്നവർ കൊറോണ സെല്ലിൽ വിവരം നൽകാനും ജനസമ്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയാനും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ വിവരം നൽകുന്നപക്ഷം പരിശോധനയ്ക്കും ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നതിനും ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കും.

വിളിക്കേണ്ട നമ്പരുകൾ

സംശയ നിവാരണത്തിനും ചികിത്സാ സഹായത്തിനും വിളിക്കേണ്ട നമ്പരുകൾ 1077, 0481 2581900, 0481 2304800 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

ഹോട്ടലുകൾക്കും
റിസോർട്ടുകൾക്കും ജാഗ്രതാ നിർദേശം

വിദേശ രാജ്യങ്ങളിൽനിന്നെത്തുന്ന എല്ലാവരെയും കുറിച്ച് കൊറോണ കൺട്രോൾ റൂമിൽ വിവരം നൽകുന്നതിന് ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും നിർദേശം നൽകി. രോഗ പ്രതിരോധനത്തിനായുള്ള ആരോഗ്യ വകുപ്പിൻറെ നിർദേശങ്ങൾ പാലിക്കുമെന്ന് റിസോർട്ട് ഉടമകൾ അറിയിച്ചു.
ക്ലബ്ബുകൾ, റസ്റ്റോറൻറുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ നീന്തൽ കുളങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

പിന്തുണയുമായി സ്വകാര്യ ആശുപത്രികളും

കോട്ടയം ജില്ലാ ഭരണകൂടത്തിൻറെ നിർദേശം പരിഗണിച്ച് കൊറോണ വൈറസ് പ്രതിരോധ നടപടികൾക്ക് ജില്ലയിലെ സ്വകാര്യ ആശുപത്രികൾ സഹകരണം വാഗ്ദാനം ചെയ്തു. വെൻറിലേറ്റർ സൗകര്യത്തോടെയുള്ള ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കാമെന്ന് ജില്ലാ കളക്ടർ  വിളിച്ചു ചേർത്ത യോഗത്തിൽ ആശുപത്രികളുടെ പ്രതിനിധികൾ അറിയിച്ചു.

വിവിധ സ്വകാര്യ ആശുപത്രികളിലായി 24 ഐസോലേഷൻ മുറികളാണ് സജ്ജീക്കാനാകുക. മെഡിക്കൽ കോളേജും കോട്ടയം ജനറൽ ആശുപത്രിയും ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ 53 പേരെ ഐസൊലേഷനിൽ പാർപ്പിക്കാനുള്ള സൗകര്യം നേരത്തെ സജ്ജമാക്കിയിട്ടുണ്ട്.

രോഗികളുടെ യാത്രാ ചരിത്രം പരിശോധിക്കണം

വരും ദിവസങ്ങളിൽ രോഗബാധ സംശയിച്ച് കൂടുതൽ ആളുകൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താൻ സാധ്യതയുണ്ട്.  പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരുടെ യാത്രാ ചരിത്രം വിശദമായി  പരിശോധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന്  എത്തിയവരോ അത്തരം ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആണെങ്കിൽ അടിയന്തരമായി ഐസോലേറ്റ്  ചെയ്യുന്നതിന്  നടപടികൾ സ്വീകരിക്കുകയും ജില്ലാ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയും വേണം.

സാമ്പിൾ ശേഖരിക്കുന്നതിന് മുൻകരുതൽ വേണം

ഐസോലേറ്റ് ചെയ്യപ്പെടുന്നവരുടെ ശ്രവം പരിശോധനയ്ക്കായി എടുക്കുന്നത് ക്ലിനിക്കൽ ഡോക്ടറുടെ നേതൃത്വത്തിലായിരിക്കണം. സാമ്പിൾ ശേഖരിക്കുന്നവർ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ള സമ്പൂർണ്ണ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. സാമ്പിളുകൾ ജില്ലാ മെഡിക്കൽ ഓഫീസ് മുഖേനയാണ് പരിശോധനയ്ക്ക് അയയ്‌ക്കേണ്ടത്. പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ മെഡിക്കൽ കോളേജിലേക്കോ കോട്ടയം ജനറൽ ആശുപത്രിയിലേക്കോ മാറ്റുന്നതിന് നടപടി സ്വീകരിക്കും.

സ്വകാര്യ ലാബുകളിലെ പരിശോധന ഒഴിവാക്കണം

വൈറസ് ബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളുള്ളവരുടെ സ്രവങ്ങൾ സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് അയയ്ക്കുന്നത് ഒഴിവാക്കണം. വിദേശ രാജ്യങ്ങളിൽനിന്ന് എത്തി നേരിട്ട് ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യുന്നവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും പൊതുവായ ക്യൂവിൽ നിൽക്കാതെ അതിവേഗം പരിശോധനയ്ക്കുള്ള സംവിധാനം ഒരുക്കണം. സ്വകാര്യ ആശുപത്രികൾ ഏതെങ്കിലും രോഗികൾക്ക് ഹോം ക്വാറൻറയിൻ  നിർദേശിച്ചാൽ അവരുടെ വിവരങ്ങൾ കളക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിൽ അറിയിക്കണം.

സ്വയം ചികിത്സ പാടില്ല

ആരോഗ്യ പ്രശ്‌നങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം. ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകൾ വാങ്ങുകയോ കഴിക്കുകയോ ചെയ്യാൻ പാടില്ല. സർക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ കൃതൃമായി പാലിക്കാൻ എല്ലാവരും തയ്യാറാകണം.

എല്ലാവരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ല

എല്ലാവരും മാസ്‌ക് ഉപയോഗിക്കേണ്ട സാഹചര്യം നിലവിലില്ല. രോഗികളും അവരെ പരിചരിക്കുന്നവരും ആശുപത്രി ജീവനക്കാരും ഉപയോഗിച്ചാൽ മതിയാകും. പനി, ജലദോഷം തുടങ്ങിയവയുള്ളവർ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.