
തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിക്കും, 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കും വകയിരുത്തിയിട്ടുണ്ട്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന സൗജന്യ ചികിത്സ നൽകിയ ആശുപത്രികൾക്ക് ഈ തുക കൈമാറി. കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7163 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 544 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി.
ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖാന്തരമാണ് കാസ്പ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങളാണ് കാസ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻപ് പ്രവർത്തിച്ചിരുന്ന ആർഎസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികളെ ഏകീകരിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) രൂപീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കുടുംബത്തിന് ഒരു വര്‍ഷം പരമാവധി 5 ലക്ഷം രൂപയുടെ ചികില്‍സാ ആനുകൂല്യമാണ് കാസ്പ് പദ്ധതി വഴി ലഭ്യമാകുന്നത്. പൊതു സ്വകാര്യ മേഖലകളില്‍ നിന്നും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികള്‍ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കള്‍ക്ക് ചികിത്സാ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ അല്ലാത്തതും 3 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റ തവണത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.