
സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവർന്ന അർബുദങ്ങളിലൊന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയഗള കാൻസർ. സെർവിക്കൽ കാൻസർ പ്രതിരോധത്തിനായി ഒമ്പതു മുതൽ പതിന്നാലുവയസ്സുവരെ പ്രായമുള്ള കുട്ടികളിൽ എച്ച്പിവി വാക്സിനേഷൻ ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
പലപ്പോഴും ലക്ഷണങ്ങൾ നിസ്സാരമാക്കുന്നതും ഡോക്ടറെ കാണിക്കാനുള്ള മടിയും സംശയവും സ്ക്രീനിങ്ങിന് മുതിരാത്തതുമൊക്കെയാണ് സാഹചര്യം വഷളാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കുന്ന അർബുദങ്ങളിൽ രണ്ടാംസ്ഥാനത്താണ് സെർവിക്കൽ കാൻസർ എന്നും കൃത്യസമയത്ത് സ്ക്രീനിങ്ങിന് മുതിരാത്തതാണ് പ്രധാന പ്രശ്നം.
രോഗം സ്ഥിരീകരിക്കുന്നവർ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർ മാത്രമല്ല, അവരിൽ നിരവധിപേർ വിദ്യാസമ്പന്നരായ, നഗരങ്ങളിൽ നിന്നുള്ള ചെറുപ്പക്കാരാണെന്ന് ടാറ്റ മെമ്മോറിയൽ സെന്ററിലെ കാൻസർ രോഗവിദഗ്ധയായ ഡോ.സവിത ഗോസ്വാമി പറഞ്ഞു. രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും മുപ്പത് വയസ്സുമുതൽ സ്ക്രീനിങ്ങിന് തയ്യാറാവണം. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണം. കാൻസറാകുമോ എന്ന ഭയത്തിലാണ് പലരും പരിശോധനയ്ക്ക് മുതിരാത്തതെന്നും ഡോ.സവിത പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് തിരിച്ചറിയണമെന്ന് ടാറ്റ കാൻസര് കെയർ ഫൗണ്ടേഷൻ മേധാവി ഡോ. രുദ്രദത്ത ഷ്രോത്രിയ പറഞ്ഞു. ഇതുകൊണ്ടാണ് സ്ക്രീനിങ് പ്രധാനമാണെന്ന് പറയുന്നത്.
മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?
സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല.
കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.
സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?
ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടുപിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.
ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?
18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
കൂടുതല്‍ പ്രസവിക്കുന്നവര്‍.
ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍