ആഡംബര കാറുകളില്‍ ഒളിപ്പിച്ച നിലയിൽ വന്‍ മയക്കുമരുന്ന് കടത്ത്; 25 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു
സ്വന്തം ലേഖിക
തൃശൂര്‍: ചാലക്കുടിയില്‍ ഇരുപത്തിയഞ്ച് കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി.
പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്(32), ലിഷന്‍(35), പത്തനംതിട്ട കോന്നി സ്വദേശി നാസീം(32) എന്നിവരില്‍ നിന്നുമാണ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിഷാന്‍ പീഡന കേസടക്കം നിരവധി കേസുകളിലും നാസിം മോഷണ കേസിലും പ്രതിയാണ്. ഇവരില്‍ നിന്നും രണ്ട് വാഹനങ്ങളും പിടിച്ചെടുത്തു.
ചാലക്കുടി ഡിവൈഎസ്‌പി സി ആര്‍ സന്തോഷ്, കൊരട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി കെ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊരട്ടിയില്‍ പുലര്‍ച്ചെ മുതല്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി കാറില്‍ വന്ന സംഘം പിടിയിലായത്.
ആന്ധ്രയിലെയും ഒറീസയിലെയും ഗ്രീന്‍ കഞ്ചാവ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍ത്തരം പന്ത്രണ്ട് കിലോയോളം ഹാഷിഷ് ഓയിലാണ് പിടികൂടിയത്. നൂറ്റി അന്‍പത് കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോ ഹാഷിഷ് ഓയില്‍ ലഭിക്കുന്നത്.
ഇത് കേരളത്തിലെത്തിച്ച് മറ്റു ചില എണ്ണകള്‍ കൂടി ചേര്‍ത്ത് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ ഇരുപത്തിയഞ്ച് കോടിയോളം രൂപ വില കിട്ടുമെന്ന് പ്രതികള്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്ന് വിനോദയാത്രാ സംഘം എന്ന രീതിയില്‍ ആഡംബര കാറുകളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് ഓയില്‍ കടത്തി കൊണ്ടുവന്നിരുന്നത്.