
സ്വന്തം ലേഖിക
മലപ്പുറം: ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്. വിശാഖപട്ടണത്ത് നിന്ന് കൊണ്ടുവരുന്ന ഹാഷിഷ് ഒരു ഗ്രാമിന്റെ ചെറിയ ഡപ്പികളിലാക്കിയാണ് വിൽപന.
വയനാട് മേപ്പാടി സ്വദേശി പാമ്പനാൽ ബാബു സെബാസ്റ്റ്യൻ (51), അങ്ങാടിപ്പുറം വലമ്പൂർ സ്വദേശി കൂരിമണ്ണിൽ സിദ്ദീഖ് (52) എന്നിവരാണ് 1.020 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്. ആന്ധ്രയിൽ വിശാഖപട്ടണം, ധുനി എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ വച്ച് വാറ്റിയെടുത്തുണ്ടാക്കുന്ന ഹാഷിഷ് തമിഴ്‌നാട്ടിലെ തിരുപ്പൂർ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ മുഖേന ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്തെത്തിച്ചുകൊടുക്കുന്ന മലയാളികളുൾപ്പടെയുള്ള സംഘം പ്രവർത്തിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ജില്ലയിലെ ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായും ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ വിലവരുന്ന പാർട്ടി ഡ്രഗ് ഇനത്തിൽ പെട്ട ഹാഷ് എന്നറിയപ്പെടുന്ന മാരകശേഷിയുള്ള മയക്കുമരുന്നിനത്തിൽ പെട്ട ഹാഷിഷ് ആണ് പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്.