
വേളൂർ നിരോധിത പുകയില ഉത്പന്നങ്ങളുടെ ഹബ്ബായി മാറുന്നു; ലോക്ക് ഡൗൺ കാലത്തും വേളൂരിൽ നിന്നും പുറത്തേയ്ക്ക് ഒഴുകുന്നത് ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങൾ; പൊലീസ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലേയ്ക്കുള്ള നിരോധിത പുകയില ഉത്പന്നങ്ങളുടെ പ്രധാനപ്പെട്ട ഹബായി വേളൂർ മാറുന്നു. വേളൂരിന് സമീപം പാണം പടിയിലുള്ള കട കേന്ദ്രീകരിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കം ജില്ലയിൽ മൊത്ത വിൽപ്പന നടക്കുന്നത്.
നിരോധിത പുകയില ഉത്പന്നങ്ങൾ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് വൻ തോതിൽ വിൽപ്പന നടത്തുന്നത് വേളൂർ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തും നിരോധനം ലംഘിച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് നൂറുകണക്കിന് കട ഉടമകളാണ് ഇവിടെ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ വാങ്ങിക്കടത്തുന്നെന്നും വ്യക്തമായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേളൂർ ഭാഗത്തു നിന്നടക്കം നിരോധിത പുകയില ഉത്പന്നങ്ങളുമായി നിരവധി ആളുകളെ മുൻപും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതിനിടെ ലോക്ക് ഡൗണിനെ തുടർന്നു എക്‌സൈസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം വേളൂർ ചെങ്ങളം ഭാഗങ്ങളിൽ നിന്നായി വാറ്റുമായി രണ്ടു പേരെ പിടികൂടിയിരുന്നു. ഇതേ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയത്.
തമിഴ്‌നാട്ടിൽ നിന്നടക്കം തുച്ഛമായ വിലയ്ക്ക് ഇവിടെ എത്തിക്കുന്ന സാധനങ്ങൾ വൻ വിലയ്ക്കാണ് സംഘം മറിച്ചു വിൽക്കുന്നത്. ലക്ഷങ്ങളുടെ ഇടപാടാണ് ഇവിടെ നടക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാഹനങ്ങളിൽ രഹസ്യമായി എത്തുന്ന കട ഉടമകളും ഉപഭോക്താക്കളും ഇവിടെ നിന്നു വൻ തോതിൽ ഹാൻസ് അടക്കമുള്ള നിരോധിത സാധങ്ങൾ വാങ്ങുന്നുണ്ടെന്നാണ് വിവരം.
തമിഴ്‌നാട്ടിൽ നിന്നും പത്തു രൂപയ്ക്കു വാങ്ങുന്ന ഇവ അൻപത് രൂപയ്ക്കു വരെയാണ് സംഘം മറിച്ചു വിൽക്കുന്നത്. പൊലീസിലും എക്‌സൈസിലും ഇയാളുടെ ഒറ്റുകാരുള്ളതിനാൽ കൃത്യമായി വിവരം കൈമാറുന്നുണ്ട്. അതുകൊണ്ടു തന്നെ വൻ തോതിൽ ലഹരി എത്തിച്ചു വിൽപ്പന നടത്തിയിട്ടു പോലും ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല.