ഹർത്താൽ: അക്രമികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും; കുരുക്കു മുറുക്കി പോലീസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ഹർത്താലിൽ അക്രമം നടത്തിയ സംഭവങ്ങളിൽ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടികൾ സ്വീകരിക്കാൻ പോലീസ് ഉന്നതതല യോഗ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ടുള്ള പൊതുമുതൽ നാശത്തിന്റെ കണക്ക് ശേഖരിക്കാനും പോലീസ് തീരുമാനിച്ചു.
പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കാണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല പോലീസ് യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ ജില്ലാ പോലീസ് മേധാവിമാർക്കു കൈമാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹർത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭൂരിഭാഗം പേർക്കെതിരെയും പൊതുമുതൽ നശീകരണം തടയൽ നിയമത്തിലേത് ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ കുറ്റക്കാരിൽനിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾക്ക് പുറമേ ഇവരുടെ സ്വത്തുവകകളിൽ നിന്ന് നഷ്ടം ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.