ശബരിമലയിൽ കെ.പി ശശികലയെ അറസ്റ്റ് ചെയ്തു: ഇന്ന് ഹർത്താൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച വിശ്വ ഹിന്ദു പരിഷത്ത് , ശബരിമല കർമ്മ സമിതി, ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ. ഇന്ന് പുലർച്ചെയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ ആറ് മുതൽ വൈകിട്ട് അറു വരെയാണ് ഹർത്താൽ. ശബരിമലയിലേയ്ക്ക് ഇരുമുടിക്കെട്ടുമായി എത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ കെ.പി ശശികല അടക്കമുള്ളവരെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ശബരിമല കർമ്മ സമിതിയും , വിശ്വഹിന്ദു പരിഷത്തും ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരുമുടിക്കെട്ടുമായി മരക്കൂട്ടം വരെയെത്തിയ ശശികലയെ ആദ്യം പൊലീസ് ഇവിടെ തടഞ്ഞു. തുടർന്ന് മുന്നോട്ട് പോകണമെന്നറിയിച്ച ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രതാ നിർദേശം സംസ്ഥാനത്ത് നൽകിയിട്ടുണ്ട്. നേരം പുലർന്നപ്പോൾ മാത്രം ഹർത്താൽ പ്രഖ്യാപിച്ചത് ജനത്തെ വലച്ചു. പലയിടത്തും വാഹനങ്ങൾ തടയുമെന്നും സൂചനയുണ്ട്.