play-sharp-fill
ഞായറാഴ്ചത്തെ ഹർത്താൽ ജനം തള്ളി; അവധി ദിവസത്തിലും സജീവമായി കോട്ടയം നഗരം; സംഘർഷം ഒഴിഞ്ഞ് ഗ്രാമനഗര മേഖലകൾ

ഞായറാഴ്ചത്തെ ഹർത്താൽ ജനം തള്ളി; അവധി ദിവസത്തിലും സജീവമായി കോട്ടയം നഗരം; സംഘർഷം ഒഴിഞ്ഞ് ഗ്രാമനഗര മേഖലകൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ഹർത്താൽ ജനം തള്ളി. അവധിദിവസമായിട്ടു കൂടി കോട്ടയം നഗരത്തിൽ സാധാരണ പോലെ തന്നെയായിരുന്നു ജനജീവിതം. ഒരിടത്തും തിരക്കൊഴിഞ്ഞ അവസ്ഥയുണ്ടായിരുന്നില്ല. ഞായറാഴ്ച തുറക്കുന്ന കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചു. ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തുകയും ചെയ്തു. ഞായറാഴ്ച അടച്ചിടുന്ന പതിവ് കടകൾ മാത്രമാണ് ഇതുവരെ നഗരത്തിൽ അടച്ചിട്ടിരിക്കുന്നത്. വാഹനങ്ങൾ സർവീസ് നടത്തിയതിനാൽ ജനജീവിതം സാധാരണ നിലയിലായിരുന്നു.

 

സ്ഥാനക്കയറ്റത്തിന് സംവരണം മാനദണ്ഡമാകില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെയാണ് വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഹർത്താലായി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പതിവിന് വിരുദ്ധമായി ഞായറാഴ്ചയും ഹർത്താൽ നടത്തിയത്.


ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, കോട്ടയം നഗരത്തിൽ നടക്കുന്ന ചലച്ചിത്ര മേളയ്ക്കു മുടക്കമുണ്ടായിരുന്നില്ല. ഞായറാഴ്ചയും ഹർത്താലുമായിട്ടും നൂറ്കണക്കിന് ആളുകൾ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ നടത്തുന്നത്. മുൻപ് ദളിത് സംഘടനകൾ പ്രഖ്യാപിച്ചിരുന്ന ഹർത്താലുകളിൽ പരക്കെ അക്രമമുണ്ടായിരുന്നതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയിരുന്നത്. രാവിലെ മുതൽ തന്നെ നഗരത്തിൽ കർശന സുരക്ഷ ഒരുക്കിയിരുന്നു. ഗാന്ധിസ്‌ക്വയറിൽ കനത്ത പൊലീസ് സംഘം തന്നെ രാവിലെ മുതൽ തന്നെ കാവലുണ്ടായിരുന്നു.

സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും അപൂർവം സ്വകാര്യ ബസുകളും സർവീസ് നടത്തി. കടകമ്പോളങ്ങൾ പലതും തുറന്ന് പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ, ഒരിടത്തും വാഹനങ്ങൾ തടയുന്ന സ്ഥിതിയുണ്ടായിരുന്നില്ല. രാവിലെ പതിനൊന്നരയോടെ എ.കെ.സി.എച്ച്.എം.എസ് അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വഴി ഗാന്ധിസ്‌ക്വയറിൽ തന്നെ സമാപിച്ചു. തുടർന്ന് സംഘടനകളുടെ നേതൃത്വത്തിൽ യോഗം ചേർന്നു.