
ദില്ലി: ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിൽ ഹരിയാന പൊലീസിന്റെ നിർണായക നീക്കം. എഎസ്ഐ സന്ദീപ് ലാത്തറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുരൻ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്നീതിനെയും അവരുടെ സഹോദരനെയും പ്രതിചേർത്തു. പുരൻ കുമാറിനെതിരായ കേസ് അന്വേഷിച്ച സന്ദീപ് കടുത്ത പീഡനത്തിന് ഇരയായെന്ന് സന്ദീപിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവരുടെ പരാതിയിലാണ് നടപടി. കേസെടുത്ത വിവരം സർക്കാർ കുടുംബത്തെ അറിയിച്ചതിന് ശേഷമാണ് സന്ദീപിന്റെ പോസ്റ്റ്മോർട്ടത്തിന് കുടുബം അനുമതി നൽകിയത്. ഇന്ന് വൈകീട്ട് സംസ്കാര ചടങ്ങുകൾ ജുലാനയില് നടക്കും.
അതേ സമയം, ഹരിയാന എഡിജിപി പുരൻ കുമാറിനെ (52) വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഒൻപത് പേജുള്ള കുറിപ്പും വിൽപത്രവും എഴുതി വച്ചാണ് എഡിജിപി ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണ, എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ശക്തരായ മേലുദ്യോഗസ്ഥരുടെ വ്യവസ്ഥാപിത പീഡനത്തിന്റെ ഫലമായാണ് മരണം സംഭവിച്ചതെന്നും പരാതിയിൽ പറയുന്നു. സെക്ടർ 11 ലെ വീടിന്റെ ബേസ്മെന്റിലെ മുറിയിൽ വെടിയേറ്റ നിലയിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.