
മാലിന്യമുക്ത കേരളം…..! ഹരിത മിത്രം പദ്ധതിക്ക് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കം; ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിച്ചു
സ്വന്തം ലേഖിക
കോട്ടയം: മാലിന്യമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പദ്ധതിക്ക് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
പദ്ധതിയുടെ ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത കർമ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊർജിതമാക്കാനും മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പാക്കുന്നത്.
വീടുകൾക്ക് നൽകുന്ന ക്യൂ ആർ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുക. 2,05000 രൂപ ചെലവിൽ 13,000 ക്യു. ആർ. കോഡുകളാണ് കെൽട്രോൺ തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിന് നൽകിയത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ടി. രാജേഷ്, പി.എസ്. ഷീനാമോൾ , അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ രജനി മോഹൻദാസ് എന്നിവർ സംസാരിച്ചു.