ഹരിതകേരളം മിഷനിൽ കൈകോർത്ത് പുതുപ്പള്ളി പള്ളി പെരുന്നാളും പ്രകൃതിസൗഹൃദം
കോട്ടയം : ആയിരകണക്കിന് ഭക്തജനങ്ങൾ വന്നുപോകുന്ന പുതുപ്പള്ളി പള്ളി പെരുന്നാൾ പ്രകൃതി സൗഹൃദമാകുന്നു. പുതുപ്പള്ളി പഞ്ചായത്, ഹരിതകേരളം മിഷൻ, ഹരിത സഹായ സ്ഥാപനമായ നിറവ് വേങ്ങേരി തുടങ്ങിയവയുടെ സഹകരണത്തോടെ പള്ളിപെരുന്നാൾ ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു ആചരിക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഉത്സവ മേഖലയായി പ്രഖ്യാച്ചിരിക്കുന്ന പള്ളിയുടെ മൂന്ന് കിലോമീറ്റർ പരിധിയിൽ വരുന്ന പ്രദേശം പഞ്ചായത്തിലെ ഹരിതകർമ്മസേന പ്രവർത്തകർ സന്ദർശിച്ചു പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി നിറവിന്റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ ബിന്നുകൾ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു.
നിറവിന്റെ സാങ്കേതിക സഹായത്തോടെ പഴയ സാരി , കബോർഡ്, മുള എന്നിവ ഉപയോഗിച്ചു പ്രകൃതി സൗഹൃദമായി തയ്യാറാക്കിയ മാലിന്യം നിക്ഷേപ ബിന്നുകൾക്കു പുറമെ ജൈവ മാലിന്യ സംസ്കരണത്തിനും അജൈവ മാലിന്യ ശേഖരണത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പള്ളിയിലെ വെച്ചൂട്ട് ഉൾപ്പടെയുള്ള പ്രധാന ചടങ്ങുകളിൽ പൂർണമായും ഡിസ്പോസിബിൾ ഒഴിവാക്കി പാള ഉപയോഗിച്ചുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനാണ് തീരുമാനം.കൂടാതെ പള്ളിമുറ്റത്ത് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പള്ളി ട്രസ്റ്റ് ഭാരവാഹികളും പുതുപ്പള്ളി പഞ്ചായത് പ്രസിഡന്റ് നിബു ജോണും അറിയിച്ചു.
നിറവ് , ഹരിതകേരളമിഷൻ എന്നിവയുടെ നേതൃത്വത്തിൽ ഹരിത പെരുമാറ്റ ചട്ടം സംബന്ധിച്ച നിർദ്ദേശം പഞ്ചായത്തിന് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി , പള്ളി കമ്മറ്റി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ പുതുപ്പള്ളി പെരുന്നാൾ പൂർണമായും ഹരിതപെരുമാറ്റ ചട്ടം പാലിച്ചു നടപ്പിലാക്കാനുള്ള നടപടികൾ ഊർജ്ജിതമാകുകയാണ്.
നിറവ് വേങ്ങേരി കോഓർഡിനേറ്റർ സൗമ്യ ,ടെക്‌നീഷൻ രഞ്ജു സുനിൽ , ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ അനുപമ രാജപ്പൻ , ഷെഫി മോളി ജോൺ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഹരിതപെരുമാറ്റ ചട്ട പ്രവർത്തനങ്ങൾ നടക്കുന്നത്.