മധുര വിതരണത്തിന് പകരം വൃക്ഷതൈ നടീൽ ; ഹരിതകേരള മിഷനൊപ്പം ചേർന്ന് വേറിട്ട ജന്മദിനാഘോഷവുമായി ആറുമാനൂർ ഗവ.യു.പി സ്കൂൾ

മധുര വിതരണത്തിന് പകരം വൃക്ഷതൈ നടീൽ ; ഹരിതകേരള മിഷനൊപ്പം ചേർന്ന് വേറിട്ട ജന്മദിനാഘോഷവുമായി ആറുമാനൂർ ഗവ.യു.പി സ്കൂൾ

സ്വന്തംലേഖകൻ

കോട്ടയം : ആറുമാനൂർ ഗവ യു.പി സ്കൂളിലെ അമ്പാടി രതീഷ് എന്ന വിദ്യാർത്ഥിയുടെ ജന്മദിനാഘോഷം പരിസ്ഥിതി സൗഹൃദമാക്കിയാണ് സ്കൂൾ അധികൃതരും പി.ടി.എ യും ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

 


ഹരിതകേരളം മിഷൻ, അയർക്കുന്നം ഗ്രാമപഞ്ചായത്, പള്ളം ബ്ലോക്ക് പഞ്ചായത് , സ്കൂൾ പി.ടി.എ എന്നിവരുടെ സംയുക്ത സഹകരണത്തോടെ സ്കൂളിനെ ഹരിതവിദ്യാലയമാക്കി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച്ച തുടക്കമിട്ടു. മധുരം വിതരണം ചെയ്യുന്നതിന് പകരം സ്കൂളിലെ വിദ്യാർത്ഥിയായ അമ്പാടിയുടെ ജന്മദിനത്തിൽ പുതിയൊരു വൃക്ഷ തൈ നട്ടാരുന്നു പദ്ധതി ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ ജന്മദിന ദിവസമാണ് പദ്ധതി ആരംഭിക്കുന്നതിനായി തിരഞ്ഞെടുത്തത്. ഇനി മുതൽ വിദ്യാർത്ഥികളുടെ ജന്മദിനത്തിന് മധുര വിതരണത്തിന് പകരം അതാതു വിദ്യർത്ഥികളുടെ പേരിൽ സ്കൂൾ ഗ്രൗണ്ടിൽ ഒരു ഓർമ്മമരം നടുന്ന പദ്ധതി കൂടി ഇതിലൂടെ തുടക്കം കുറിച്ചു. സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നടുകയും ഹരിത വിദ്യാലയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മിഷന്റെ നേതൃത്വത്തിൽ ക്ലാസ് നയിക്കുകയും ചെയ്തു.ജലസംരക്ഷണത്തെ കുറിച്ചു ഹരിതകേരള മിഷൻ തയ്യാറാക്കിയിരിക്കുന്ന ലഖുലേഖകൾ കുട്ടികൾക്ക് വിതരണം ചെയ്തു. കുട്ടികൾ പരിസ്ഥിതി സൗഹൃദ പ്രസംഗം, ഗാനം എന്നിവ അവതരിപ്പിച്ചു.

സ്കൂളിൽ ജൈവപച്ചക്കറി കൃഷി തോട്ടം , ഫലവൃക്ഷ തോട്ടം ,പൂന്തോട്ടം, ഹരിത ക്ലബ് , ഹരിത അവാർഡ് തുടങ്ങി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഹരിതകേരള മിഷനുമായി സഹകരിച്ചു സ്കൂളിനെ മികവുറ്റതാക്കുന്നതിനു പിന്തുണ നൽകുമെന്ന് പള്ളം ബ്ലോക്ക് മെമ്പർ ജോയ്‌സ് കൊറ്റത്തിൽ അറിയിച്ചു. സ്കൂളിൽ നൂതന പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പിലാക്കുമെന്ന് അയർക്കുന്നം ഗ്രാമ പഞ്ചായത് പ്രസിഡന്റ് മോളി തോമസ് ഉറപ്പു നൽകി.
ഹരിത വിദ്യാലയ പ്രവർത്തനങ്ങൾ അയർക്കുന്നം ഗ്രാമ പഞ്ചായത് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു.

പള്ളം ബ്ലോക്ക് പഞ്ചായത് മെമ്പർ ജോയ്‌സ് കൊറ്റത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.എസ്‌ ശോഭന, പി.ടി.എ പ്രസിഡന്റ് സോമശേഖരൻ നായർ, മാതൃസംഗമം ചെയർപേഴ്സൺ ലേഖ സോമൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺമാരായ എമിലി തോമസ്, അർച്ചന ഷാജി, മറ്റു അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.