
കോട്ടയം: ഹരിതകേരളം മിഷൻ ജനകീയ വൃക്ഷവത്കരണ പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കം.
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ‘ഗാന്ധിസ്മൃതി: ഒരു തൈ നടാം, അഹിംസയുടെ തണലൊരുക്കാം’ എന്ന സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ജനകീയ വൃക്ഷവത്ക്കരണ പദ്ധതിക്ക് ജില്ലയില്‍ തുടക്കം.
മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാകളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭാ ചെയർപേഴ്‌സണ്‍ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ഗാന്ധി സ്മൃതി അനുസ്മരണ പ്രഭാഷണം നടത്തി.
വാർഡ് കൗണ്‍സിലർ അഡ്വ. ജോഫി മരിയ ജോണ്‍ ‘ഹരിത പ്രതിജ്ഞ’ ചൊല്ലിക്കൊടുത്തു. ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ എൻ.എസ്. ഷൈൻ പദ്ധതി വിശദീകരിച്ചു.
അഹിംസയും പ്രകൃതി സംരക്ഷണവും കോർത്തിണക്കിക്കൊണ്ട് ജില്ലയിലെ പ്രകൃതിയെ ഹരിതാഭമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹരിതകേരളം മിഷനും സാമൂഹിക വനവത്ക്കരണ വകുപ്പും ചേർന്ന് പനയ്ക്കച്ചിറ, പെരുന്ന നഴ്‌സറികളിലായി 1.5 ലക്ഷം തൈകളാണ് വിതരണത്തിനായി തയ്യാറാക്കിയിട്ടുള്ളത്. തൈകള്‍ സ്‌കൂള്‍ കുട്ടികള്‍ വഴി വീടുകളില്‍ എത്തിച്ച് നടുകയും സംരക്ഷിക്കുകയും ചെയ്യും.
വിഷരഹിത പച്ചക്കറി കൃഷിയെ പ്രോത്സാഹിക്കുവാനായി സ്‌കൂളില്‍ ആരംഭിച്ച അടുക്കളത്തോട്ടം കളക്ടർ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ പി.ആർ. അനുപമ, കെ.എസ്.പ്രണവ്, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂള്‍ പ്രഥമാധ്യാപകൻ വി.എം. ബിജു, അധ്യാപകൻ കെ.കെ. റെജി എന്നിവർ പങ്കെടുത്തു.


