ഹരിതകര്‍മസേനാംഗങ്ങളുടെ സത്യസന്ധത; മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പെന്‍ഷന്‍ പണം കണ്ടെത്തി തിരികെ നല്‍കി, സംഭവം മലപ്പുറത്ത്

Spread the love

മലപ്പുറം: മാലിന്യക്കവറിനൊപ്പം അബദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട വാർധക്യ പെൻഷൻ തുക ഹരിതകര്‍മസേനയുടെ സത്യസന്ധ ഇടപെടലിലൂടെ വയോധികന് തിരികെ ലഭിച്ചു. കാളികാവ് അമ്പലക്കടവ് വടക്കിലെ അബൂബക്കറാണ് പെൻഷനായി ലഭിച്ച പണം പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച ശേഷം മറന്നുപോയത്.

video
play-sharp-fill

ഇതിനിടെ വീട്ടിലെത്തിയ ഹരിതകര്‍മസേനാംഗങ്ങൾക്ക് മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളോടൊപ്പം പണമടങ്ങിയ കവറും അബൂബക്കർ കൈമാറി. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് കവറിനുള്ളിൽ പണം ഉള്ളതായി അംഗങ്ങൾ ശ്രദ്ധിച്ചത്. കവറിനുള്ളിൽ കാളികാവ് സഹകരണ ബാങ്കിന്റെ പെൻഷൻ സ്ലിപ്പും ഉണ്ടായിരുന്നതിനാൽ ഉടമയെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചു.

തുടർന്ന് സേനാംഗങ്ങൾ വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും, അവരുടെ സാന്നിധ്യത്തിൽ അബൂബക്കറെ പഞ്ചായത്ത് ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം കൈമാറുകയും ചെയ്തു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തുക തിരികെ ലഭിച്ചതിൽ അബൂബക്കറും കുടുംബവും സന്തോഷം രേഖപ്പെടുത്തി. ഹരിതകര്‍മസേനാംഗങ്ങളുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പഞ്ചായത്ത് അധികൃതർ അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group