ഹരിത ഫൈനാൻസിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്
സ്വന്തം ലേഖിക
നെടുങ്കണ്ടം: നെടുങ്കണ്ടം തൂക്കുപാലത്ത് ഹരിതാ ഫൈനാൻസിന്റെ മറവിൽ നടന്നത് കോടികളുടെ ഇടപാട്. ആസൂത്രിതമായി മാസങ്ങൾക്ക് മുമ്പേ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ഓഫീസ് തുറന്നത് കഴിഞ്ഞ മാസം മാത്രമാണ്.മാസങ്ങൾക്കു മുമ്പേ ആളുകളുടെ കൈയിൽ നിന്നും വായ്പ നൽകാമെന്ന വ്യവസ്ഥയിൽ നേരിട്ട് തുക സമാഹരിച്ചതായാണ് ആരോപണം ശക്തമായിരിക്കുന്നത്. വ്യാപാരികൾ, തോട്ടം തൊഴിലാളികൾ, സ്വയം തൊഴിൽ സംരംഭകർ തുടങ്ങി നിരവധി പേരിൽ നിന്നും ഇത്തരത്തിൽ വൻതുക സമാഹരിച്ചതിനു ശേഷമാണ് അഞ്ചുപേരടങ്ങുന്ന ജെ.എൽ.ജികൾ രൂപീകരിച്ച് ഒരുലക്ഷം മുതൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്്. ഇങ്ങനെ സംഘങ്ങൾ രൂപീകരിച്ച് വരുന്നവരെ വിശ്വാസത്തിലെടുക്കുന്നതിനു വേണ്ടിയാണ് അവസാനം ഓഫീസ് തുറന്നത്. പെട്ടന്ന് തട്ടിക്കൂട്ടുന്ന സംഘങ്ങൾക്കു പോലും വായ്പ ലഭിക്കുമെന്ന് അറിഞ്ഞതോടെ അയൽവാസികളായ നാലും അഞ്ചും പേരടങ്ങുന്ന വനിതകൾ ചേർന്ന് സംഘം രൂപീകരിച്ച് ഇവരുടെ വലയിൽ വീഴുകയായിരുന്നു.സംഘം രജിസ്റ്റർ ചെയ്യാൻ എത്തുമ്പോൾ തന്നെ സംഘാംഗങ്ങളുടെ ഫോട്ടോയും, ആധാർ കാർഡിന്റെ കോപ്പിയും, പാസ് ബുക്കിന്റെ കോപ്പിയും വാങ്ങി പ്രത്യേകം ഫയലിലാക്കി തയാറാക്കി ഇവരെ വിശ്വാസത്തിലെടുക്കുകയായിരുന്നു പതിവ്. വായ്പ നൽകുന്നതിന്റെ പ്രാഥമിക ചെലവുകൾക്കായി 1000 രൂപ മുതൽ 5000 രൂപ വരെ അടക്കണമെന്നും എത്രയും വേഗം തുക അടച്ചാൽ അത്രയും വേഗം വായ്പ ലഭിക്കുമെന്നും ചുമതലപ്പെട്ടവർ ഉറപ്പു നൽകും ചെയ്യും. ഇതോടെ കുടുംബശ്രീയിൽ നിന്നും മറ്റും വായ്പ എടുത്ത് തുക അടക്കാൻ ഇവർ തയാറാകും.ഒരാൾക്ക് രണ്ട് ലക്ഷം രൂപ ലഭിക്കത്തക്ക രീതിയിൽ അഞ്ച് പേർ അടങ്ങുന്ന ഒരു സംഘം 10,000 രൂപയാണ് സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. നിക്ഷേപിക്കുന്ന ഈ തുകയ്ക്ക് സ്ഥാപനത്തിന്റെ പേര് മാത്രമുള്ള വ്യാജ രസീതാണ് നൽകിയിട്ടുള്ളത്. രസീതിൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ നൽകിയിട്ടുമില്ല. രസീതിൽ നൽകിയിട്ടുള്ള ഫോൺ നമ്പരുകൾ ഇവിടുത്തെ ജീവനക്കാർ എന്നു പറയുന്നവരുടെയാണ് നൽകിയിട്ടുള്ളത്.ഓഫീസിനുള്ളിൽ സൂക്ഷിച്ച രേഖകളിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു കോടിയിൽ അധികം തുക സമാഹരിച്ചതായിട്ടാണ് പോലീസിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.ഇത് ഓഫീസ് തുടങ്ങിയതിന് ശേഷമുള്ള രേഖകൾ മാത്രമാണ്. ഇത്തരത്തിൽ മാസങ്ങൾക്കു മുമ്‌ബേ സമാഹരിച്ച തുക കൂടിയാകുമ്പോൾ കോടികളുടെ തട്ടിപ്പാണ് ഇതിന്റെ പിന്നിൽ നടന്നിരിക്കുന്നത്.കുഴിത്തൊളു, കമ്പംമെട്ട്, തൂക്കുപാലം, പുഷ്പക്കണ്ടം, മുണ്ടിയെരുമ, ആനക്കല്ല്, കോമ്പയാർ, നെടുങ്കണ്ടം, കല്ലാർ, താന്നിമൂട് അടക്കമുള്ള ഒട്ടേറെ സ്ഥലങ്ങളിൽ നിന്നുമുള്ളവർ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്.