video
play-sharp-fill
സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളും രക്ഷകർത്താക്കളും ശ്രദ്ധിക്കാൻ കോട്ടയം ജിലാ പോലിസ് മേധാവി ഹരിശങ്കർ ഐ പി എസ് നൽകുന്ന മുന്നറിയിപ്പ്

സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ കുട്ടികളും രക്ഷകർത്താക്കളും ശ്രദ്ധിക്കാൻ കോട്ടയം ജിലാ പോലിസ് മേധാവി ഹരിശങ്കർ ഐ പി എസ് നൽകുന്ന മുന്നറിയിപ്പ്


സ്വന്തം ലേഖകൻ

കോട്ടയം: ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ഭാഗമായി അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളുടെ വെളിച്ചത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ വർണ്ണ പൊലിമയിൽ ആകൃഷ്ടരായി ഈയാം പാറ്റകളെ പോലെ സ്വജീവിതം നഷ്ടപ്പെടുത്തുന്ന കുമാരീകുമാരന്മാർക്ക് എന്താണ് സംഭവിച്ചത്. സമൂഹ്യമാധ്യമങ്ങളും കമ്പ്യൂട്ടറും ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസം പിടിയിലായ ജിന്‌സു തന്റെ ഇരകളായ പെൺകുട്ടികളുടെ വീട് തന്നെയാണ് പീഡനത്തിനായി ഉപയോഗിച്ചിരുന്നത്. പെൺകുട്ടികളുടെ കയ്യിൽനിന്നും സ്വർണ്ണാഭരണങ്ങളും പണവും കൈപ്പറ്റുന്ന കാമുകന്മാരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. കോട്ടയം ടൌണിൽ കഴിഞ്ഞ ദിവസം കോളേജ് കുമാരനായ കാമുകൻ കാമുകിയുടെ കരണത്ത് പല പ്രാവശ്യം ആഞ്ഞടിച്ചത് കണ്ടുനിന്ന ഒരാൾ ഗുരുകുലം ടീമിനെ അറിയിക്കുകയുണ്ടായി. അന്വേഷിച്ച പൊലീസിനോട് കാമുകന്റെ ചോദ്യം അടി കൊണ്ടയാൾക്ക് പരാതി ഇല്ലെങ്കിൽ നിങ്ങൾക്കെന്താ പരാതി. സ്വന്തം അച്ഛൻ ഇതുവരെ തല്ലിയിട്ടില്ലാത്ത പെൺകുട്ടി എന്തിനാണ് കാമുകനെ ഭയപ്പെട്ട് എന്റെ മുഖത്ത് തലോടുക മാത്രമാണ് കാമുകൻ ചെയ്തത് എന്ന് പറഞ്ഞത്.

  1. വിദ്യാർഥികളായ കുട്ടികൾക്ക് ഒരു കാരണവശാലും മൊബൈൽ ഫോൺ വാങ്ങി നൽകരുത്.
  2. അത്യാവശ്യം രക്ഷിതാക്കളുടെ മൊബൈൽ ഫോൺ നൽകാം. രക്ഷിതാക്കളുടെ സാമീപ്യത്തിൽ മാത്രം.
  3. പെൺകുട്ടികൾ കൂട്ടുകാരായ പെൺകുട്ടികളുടെ പേരിൽ സേവ് ചെയ്തിരിക്കുന്ന നമ്പരുകൾ അവരുടേത് തന്നെ ആണെന്ന് ഉറപ്പു വരുത്തുക.
  4. അലാറം വയ്ക്കാൻ രക്ഷിതാക്കളുടെ മൊബൈൽ ഫോണുകൾ കുട്ടികൾക്ക് നൽകേണ്ടതില്ല. കുറഞ്ഞ ചിലവിൽ ഒരു അലാറം വാങ്ങി നൽകുക.
  5. രക്ഷിതാക്കൾ അറിയാതെ കുട്ടികൾ ഫേസ് ബുക്ക്, ഇൻസ്റ്റാ ഗ്രാം അക്കൗണ്ട് തുടങ്ങിയവ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഫ്രണ്ട്‌സ് ലിസ്റ്റ് പരിശോധിക്കുക. പരിചയമില്ലാത്തവർ ഫ്രണ്ട് ലിസ്റ്റിൽ ഇല്ല എന്ന് ഉറപ്പു വരുത്തുക. മെസൻജ്ജറിലെ ചാറ്റുകൾ ഇടയ്ക്കിടെ പരിശോധിക്കുക.
  6. കുട്ടികൾ അറിയാതെ തന്നെ അവരുടെ ബാഗുകൾ അലമാരകൾ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുക.
  7. പെൺകുട്ടികളുടെ ചിത്രങ്ങൾ ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും ഉപയോഗിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തുക.
  8. തന്റെ കൂടെ സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആൺകുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന് പെൺകുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തുക. കഴിഞ്ഞ ദിവസം 27 ലധികം പെൺകുട്ടികളെ ദുരുപയോഗം ചെയ്ത ജിന്‌സു ഫേസ് ബൂക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ സ്വാധീനിച്ച് സ്‌കൂളിനടുത്ത് വരികയും ഒരു സെൽഫി എടുക്കുകയും ചെയ്തു. വൈകുന്നേരമായപ്പോൾ ഫോണിൽ വിളിച്ച് ഒന്നിച്ചു നിൽക്കുന്ന സെൽഫി ഫേസ് ബുക്കിൽ ഇടുമെന്നും അല്ലെങ്കിൽ നഗ്‌നഫോട്ടോ അയച്ചു നൽകണമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. പേടിച്ചരണ്ട പെൺകുട്ടി നഗ്‌നഫോട്ടോ അയച്ചു നൽകി. തുടർന്ന് നഗനഫോട്ടോ പരസ്യപ്പെടുത്തുമെന്നും ഇന്റർനെറ്റിൽ അപ്പ് ലോഡ് ചെയ്യും ഇല്ലെങ്കിൽ രാത്രി വീട്ടിൽ വരാൻ സമ്മതിക്കണം എന്നും തുടർന്ന് ഭീഷണിപ്പെടുത്തി വിദ്യാർഥിനിയുടെ വീട്ടിൽ എത്തിയ ഇയാൾ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും വീഡിയോയിൽ പകർത്തുകയും ചെയ്തു. പിന്നീട് നിരവധി തവണ ഭീഷണി ആവർത്തിക്കുകയും പലപ്രാവശ്യം രാത്രി വീട്ടിൽ ചെല്ലുകയും ചെയ്തു.
  9. രാത്രികാലങ്ങളിൽ വീടിനു പുറത്തേയ്ക്കുള്ള വാതിലുകൾ പൂട്ടി താക്കോലുകൾ രക്ഷിതാക്കൾ സൂക്ഷിക്കുക.
  10. അസൈൻമെന്റുകൾ, നോട്ടുകൾ എന്നിവ വാട്‌സ്അപ്പ് വഴി കൂട്ടുകാർ അയച്ചു നൽകുന്നതും കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതില്ല.
  11. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളുടെ ലോക്ക് പാറ്റെൺ , പാസ് വേർഡ് എന്നിവ കുട്ടികൾക്ക് നൽകാതിരിക്കുക. ആവശ്യമുള്ളപ്പോൾ അവർ കാണാതെ തന്നെ അൺ ലോക്ക് ചെയ്ത് നൽകുകയും ചെയ്യുക.
  12. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കാണപ്പെട്ടാൽ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാരണം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക
  13. കുട്ടികളുടെ മുൻപിൽ വച്ച് രക്ഷിതാക്കൾ വഴക്കിടാതിരിക്കുക. ഒരാൾ ശാസിക്കുമ്പോൾ മറ്റൊരാൾ ഇടപെടാതിരിക്കുക. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പങ്കാളി മാത്രമുള്ളപ്പോൾ തെറ്റ് ചൂണ്ടിക്കാണിക്കുക. രക്ഷിതാക്കളുടെ ഇടയിലുള്ള മാനസീകമായ വിയോജിപ്പ് കണ്ടെത്തി കുട്ടികൾ അത് ചൂഷണം ചെയ്യാൻ സാധ്യത ഉണ്ട്.
  14. തങ്ങളുടെ നഗ്‌ന ഫോട്ടോ ചോദിക്കുന്ന ഒരാളുടെയും ഉദ്ദേശം നന്നല്ല എന്ന് പെൺകുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക
  15. നല്ല സ്പർശത്തിൻറെയും മോശം സ്പർശത്തിന്റെയും അർത്ഥം പെൺകുട്ടികളെ മനസ്സിലാക്കി കൊടുക്കുക.
  16. മാതാവും പിതാവും ഒന്നിച്ചിരുന്ന് കുട്ടിക്ക് സ്ത്രീ പുരുഷ ലൈഗികതയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കി നൽകുക.
    മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്ന കുട്ടികളെ കുറിച്ചും ലൈഗിക ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന പെൺകുട്ടികളെ കുറിച്ചും വിവരം ലഭിച്ചാൽ ആയവരെ ഈ വിപത്തുകളിൽ നിന്നും രക്ഷിക്കുന്നതിനും പുനരധിവാസം നടത്തുന്നതിനും ഗുരുകുലം ടീം സദാ സന്നദ്ധരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ജിലാ പോലിസ് മേധാവിയുടെ കീഴിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് (അഡ്മിൻ )കോട്ടയം വിനോദ് പിള്ള നോഡൽ ഓഫീസറായും , ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് കോട്ടയം ആർ ശ്രീകുമാർ ഓപ്പറെഷനൽ ഹെഡ് ആയുമാണ് കോട്ടയം ജില്ലയിൽ ഈ പദ്ധതി പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന പക്ഷം കോട്ടയം ഡി വൈ എസ് പി ഓഫീസിലെ 0481-2564103 എന്ന നമ്പരിലേയ്‌ക്കോ കോട്ടയം ഡി വൈ എസ് പിയുടെ 9497990050 , ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് (അഡ്മിൻ )കോട്ടയം 9497990045, ഓപ്പറേഷൻ ഗുരുകുലത്തിന്റെ കോ- ഓർഡിനേറ്റർമായ കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സീനിയർ സിവിൽ പോലിസ് ഓഫീസർ അരുൺ കുമാർ കെ. ആർ ന്റെ 9447267739 , വനിതാ സിവിൽ പോലിസ് ഓഫീസർ മിനിമോൾ കെ. എം ന്റെ 9497931888 എന്നീ നമ്പരുകളിലേയ്ക്ക് ഏതൊരാൾക്കും വിവരങ്ങൾ നൽകാവുന്നതാണ്