
എസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വീട്ടില്‍ നിന്ന് ഏറെ അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കള്‍; സുരേഷ് കുമാറിന്റെ മകളും സൂരജും സഹപാഠികൾ; മരണത്തിന് പിന്നിലെ കാരണം പ്രണയമോ?
സ്വന്തം ലേഖിക
ഹരിപ്പാട്: എസ് ഐ യുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.
വീട്ടില്‍ നിന്ന് ഏറെ അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുതുകുളം രണ്ടാംവാര്‍ഡ് ചേപ്പാട് കന്നിമേല്‍ സാരംഗിയില്‍ ജെ സുരേഷ് കുമാറിന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സൂരജിന്റെ (23) മൃതദേഹം കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയില്‍ (സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകനാണ് സൂരജ്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെ സുരേഷ് കുമാറിന്റെ ഭാര്യയാണ് മൃതദേഹം കണ്ടത്.
ഇടതുകാല്‍ തറയില്‍മുട്ടി മടങ്ങിയ നിലയിലായിരുന്നു. വലതുകാല്‍ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേര്‍ന്നായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വീടിന്റെ പിറകില്‍ നിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിലാണ് മൊബൈല്‍ ഫോണ്‍ കിട്ടിയതെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളുടെ ഒത്തുചേരലിനായി സുരേഷ് കുമാര്‍ ഞായറാഴ്ച മൂന്നാറിലേക്ക് പോയിരുന്നു. ഭാര്യയും രണ്ടു മക്കളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ അടുത്തുള്ള അമ്പലത്തില്‍ ഉത്സവത്തിനു പോകുകയാണെന്ന് പറഞ്ഞാണ് സൂരജ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിലും എത്തിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയില്ല.
തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീടാണ് സുരേഷ് കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ചെന്ന് അറിയുന്നത്. സൂരജിന്റെ വീട്ടില്‍ നിന്നു 10 കിലോമീറ്റര്‍ അധികം ദൂരത്താണ് സുരേഷ് കുമാറിന്റെ വീട്.
സുരേഷ് കുമാറിന്റെ മകളും സൂരജും ഹരിപ്പാട്ടെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ഒരുമിച്ച് പഠിച്ചിരുന്നു. ഞായറാഴ്ച രാത്രി 10.45 ഓടെ വീട്ടില്‍ സൂരജ് എത്തിയതായും പെണ്‍കുട്ടിയുടെ വീട്ടുകാരുമായി തര്‍ക്കം ഉണ്ടായതായും പറയുന്നു. അപ്പോള്‍ അവിടെ നിന്നും പോയ സൂരജ് തിരികെയെത്തി തൂങ്ങിയതാകാമെന്നാണ് നിഗമനം.
മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലും മൃതദേഹം കണ്ട സ്ഥലത്തുനിന്ന് അല്‍പ്പം മാറി കണ്ടെടുത്തു. ബൈക്ക് 150 മീറ്ററോളം അകലെയാണ് വെച്ചിരുന്നത്. ശാസ്ത്രീയ, വിരലടയാള വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണംപിടിച്ച നായ ബൈക്ക് വെച്ചിരുന്ന സ്ഥലം വരെ ഓടി.