play-sharp-fill
കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ലാത്തിയേറ്: പൊലീസുകാരുടെ പേടി സ്വപ്‌നം മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വീണ്ടും വിവാദത്തിൽ; ശബരിമല സീസണിൽ ഹരിശങ്കറിനെ വിടാതെ പിൻതുടർന്ന് വീണ്ടും വിവാദം

കൊല്ലത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ലാത്തിയേറ്: പൊലീസുകാരുടെ പേടി സ്വപ്‌നം മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ വീണ്ടും വിവാദത്തിൽ; ശബരിമല സീസണിൽ ഹരിശങ്കറിനെ വിടാതെ പിൻതുടർന്ന് വീണ്ടും വിവാദം

 സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സുപ്രീം കോടതി വിധിയുടെ ഒരു സീസൺ പൂർത്തിയായിട്ടും മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ വിടാതെ പിൻതുടർന്ന് വിവാദങ്ങൾ. ബിന്ദുവിനെയും കനകദൂർഗയെയും മലകയറ്റാൻ മുൻകൈ എടുത്തത് ഹരിശങ്കറാണെന്ന വിവാദം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിരവധി വിവാദങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. ഏറ്റവും ഒടുവിൽ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനാണ് ഹരിശങ്കറിനെതിരെ വിവാദമായ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വാഹന പെറ്റി പിരിവിന് എസ്പി ക്വാട്ട നിശ്ചയിക്കുന്നുവെന്നാണ് അസോസിയേഷൻറെ പരാതി. കടയ്ക്കൽ സംഭവത്തിന്റെ പശ്ചാത്തലത്തലാണ് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എസ്പിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്പിയുടെ നടപടി ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമാണെന്ന് സംഘടന ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്വാട്ട നിർത്തലക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് അസോസിയേഷൻ കത്ത് നല്കി.
കൊല്ലം കടയ്ക്കലിൽ വാഹനപരിശോധനക്കിടെ ബൈക്ക് യാത്രികനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടത് വലിയ വിവാദമായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കടയ്ക്കൽ സ്വദേശി സിദ്ദിഖിൻറെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന്, ലാത്തിയെറിഞ്ഞ സിവിൽ പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കോട്ടയത്ത് ഇരിയ്ക്കുമ്പോൾ തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു ഹരിശങ്കർ. പെറ്റിക്കേസുകളുടെ ക്വാട്ടാ മുതൽ രാത്രിയിൽ റോഡിലിറങ്ങി നടക്കുന്ന ആളുകളുടെ ലിസ്റ്റു നൽകുന്നത് വരെ പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതലയിൽപ്പെടുത്തി ക്വാട്ടാ നൽകിയായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രവർത്തനം. ഇതിനെതിരെ പക്ഷേ പൊലീസുകാർ ആരും തന്നെ പ്രതികരിക്കാൻ തയ്യാറായിരുന്നതുമില്ല.

ഓരോ പൊലീസ് സ്റ്റേഷനിലെയും പൊലീസ് ഉദ്യോഗസ്ഥർക്കും പെറ്റിക്കേസ് പിടിക്കുന്നതിനു കൃത്യമായി ക്വാട്ടാ നൽകിയ ശേഷം ഈ ക്വാട്ടാ തികച്ചില്ലെങ്കിൽ ഇവർക്ക് അതികഠിനമായ സമ്മർദമാണ് നേരിടേണ്ടി വന്നിരുന്നത്. ഇതേ തുടർന്ന് പല പൊലീസ് ഉദ്യോഗസ്ഥർക്കും സർവീസ് അവസാനിപ്പിച്ച് പോകേണ്ടതായും വന്നിട്ടുണ്ട്. ഇത് തന്നെയാണ് ഇപ്പോൾ കൊല്ലത്തും നടക്കുന്നതെന്നാണ് അസോസിയേഷൻ ആരോപിക്കുന്നത്.