play-sharp-fill
ഇന്ന് ചിങ്ങം ഒന്ന് ; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വരുന്നു

ഇന്ന് ചിങ്ങം ഒന്ന് ; ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വരവറിയിച്ച് പൊന്നോണം വരുന്നു

സ്വന്തം ലേഖിക

കോട്ടയം : മലയാളത്തിന്റെ പുതുവർഷാരംഭമാണ് ചിങ്ങപിറവി. കർക്കിടകത്തിന്റെ വറുതികളെ മറന്ന് കാർഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും നാളുകളാണ് ഇനി മലയാളികൾക്ക്. പഞ്ഞമാസമായ കർക്കിടകത്തിന് വിട. ഇനി സമ്പൽ സമൃദ്ധിയുടെ പൊന്നിൻ ചിങ്ങപുലരിയിലേക്ക്. ഞാറ്റുപാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈരടികൾ ഒരേസമയം ഉയരുന്ന മാസം. വിളഞ്ഞ് നില്ക്കുന്ന നെന്മണികളാൽ പറ നിറയുന്ന കാലം. ഉത്സവകാലം കൂടിയാണ് ചിങ്ങമാസം.

ഓണത്തിന്റെ വരവറിയിച്ച് പ്രകൃതിയിൽ വസന്തം വിരിയും. കുട്ടിക്കൂട്ടങ്ങളുടെ പൂപ്പാട്ടിന്റെ താളത്തിൽ ഇനി മുറ്റത്ത് പൂത്തറ ഒരുങ്ങും. ഒരു കാലത്തെ കാര്ഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി കർഷക ദിനം കൂടിയാണ് ചിങ്ങം ഒന്ന്. കാലവും, കാലാവസ്ഥയും മാറിയെങ്കിലും കാർഷിക സ്വയം പര്യാപ്തതയിലേക്ക് കേരളം വീണ്ടും അടുക്കുന്നു എന്നതാണ് ഈ ചിങ്ങ പുലരിയിലെ പ്രതീക്ഷ.ആശങ്കകൾ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് കർഷകർ. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയ്‌തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം. ഒപ്പം കാണം വിറ്റിട്ടാണെങ്കിലും ഓണമുണ്ണാൻ തയ്യാറെടുപ്പുകൾ നടത്തേണ്ട സമയമായി എന്ന ഓർമ്മപ്പെടുത്തലിന്റേതും. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്.

തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കമാകട്ടെ എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.