ഓരോ വർഷം കഴിയുമ്പോഴും ഗ്ലാമർകൂടുന്നു ; മമ്മുക്കയ്ക്ക് 68-ാം പിറന്നാൾ ആശംസകൾ
സ്വന്തം ലേഖിക
കോട്ടയം : മലയാള സിനിമയുടെ മെഗാസ്റ്റാർ, ഓരോ വർഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന താരം, നിലവിൽ ജീവിച്ചിരിക്കുന്ന താരങ്ങളിൽ ഏറ്റവും അധികം സിനിമകളിൽ നായകനായ ഒരാൾ. മലയാളത്തിന് പുറമെ തനിക്ക് തമിഴും തെലുങ്കും ഒക്കെ വശമെന്ന് തെളിയിച്ച മഹാ നടൻ. വിശേഷിപ്പിക്കാൻ വാക്കുകളില്ല പി.ഐ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയെ. ഇന്ന് പിറന്നാൾ ആഘോഷത്തിന്റെ നിറവിലാണ് താരം.
ഈ മനുഷ്യന് 68 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. നാം പോലും അത്ഭുതത്തോടെ വിശ്വസിക്കുമ്പോൾ വിദേശികളോ? ഓരോ പിറന്നാൾ കഴിയുമ്പോഴും മമ്മൂട്ടിക്ക് പ്രായമാണോ അതോ ഗ്ലാമറാണോ വർദ്ധിക്കുന്നതെന്നാണ് ഓരോരുത്തരുടെയും സംശയം. തന്റെ ജീവിതത്തിൽ അഭിനയിച്ച് ഫലിപ്പിക്കാൻ ഇനിയും ഒരുപാടുണ്ടെന്ന് ആ നടനറിയാം. പ്രായം ഏറിയാലും അഭിനയത്തിന്റെ പ്രായം ഏറുകയില്ല, അതിപ്പോഴും മധുര പതിനേഴിലെ ചുറുചുറുക്കോടെയാണ്. ഈ വർഷം പുറത്തിറങ്ങിയ പേരൻപ് സൂചിപ്പിക്കുന്നതും അതുതന്നെയാണ്. മകനുൾപ്പെടെയുള്ള യുവ തലമുറ സിനിമകളുമായി കളം നിറയുമ്പോഴും നായക കഥാപാത്രങ്ങളുമായി മമ്മൂട്ടിയുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാള സിനിമയുടെ സിംഹാസനത്തിൽ നാല് പതിറ്റാണ്ടുകളായി തുടരുകയാണ് മമ്മൂക്ക. പേരൻപും യാത്രയും ഉണ്ടയുമൊക്കെയായി ഈ വർഷം തെന്നിന്ത്യ മുഴുവൻ മമ്മൂട്ടിയുടെ കൈകളിലായിരുന്നു. 2019 തനിക്ക് പ്രിയപ്പെട്ട വർഷമായിരിക്കുമെന്ന് അദ്ദേഹം തന്നെ നേരത്തെ പറഞ്ഞിട്ടുമുണ്ട്. ഇനിയും മലയാളികൾ കാണാനിരിക്കുന്നത് ആ നടന വിസ്മയത്തിൽ നിന്നുമുള്ള മികവുറ്റ കഥാപാത്രങ്ങളെയാണ്. അണിയറയിൽ ഒരുങ്ങുന്നതും ഒരുപിടി സിനിമകളാണ്. മാമാങ്കവും ബിഗ്ബിയുടെ രണ്ടാം ഭാഗവുമൊക്കെ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്ക ചിത്രങ്ങളിൽ ചിലത് മാത്രമാണ്.
മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ഇന്നലെ അർധരാത്രി അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് ലൈവിൽ കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയെ 100 കണക്കിന് ആൾക്കാരെ കാണാം. മാത്രമല്ല തന്നെ കാണാനെത്തിയവരെ മമ്മൂട്ടി പുറത്തിറങ്ങി അഭിവാദ്യം ചെയ്യുകയും ചെയ്തു.
മമ്മുക്കയ്ക്ക് തേർഡ് ഐ ന്യൂസിന്റെ പിറന്നാൾ ആശംസകൾ
https://www.facebook.com/RameshPisharodyofficial/videos/1269133843258606/