
പരിശീലിപ്പിക്കാൻ ആളില്ല, വാഹനങ്ങളില്ല..! ഭിന്നശേഷിക്കാര്‍ക്ക് കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ തടസങ്ങളേറെ; ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെ
കോട്ടയം: നാട്ടില്‍ നിന്നും വാഹനമോടിക്കാനുള്ള ലൈസൻസ് എടുക്കാമെന്ന് വെച്ചാല്‍ എല്ലാം തടസമാണ്.
പരിശീലിപ്പിക്കാൻ ആളില്ല, വാഹനങ്ങളില്ല അങ്ങനെ നൂറായിരം പ്രശ്നങ്ങള്‍. ഭിന്നശേഷിയുള്ളവരില്‍ ഭൂരിഭാഗം പേരും വാഹന ലൈസൻസ് എടുക്കുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ പലയിടത്തും ഇവരെ പരിശീലിപ്പിക്കാന്‍ സംവിധാനങ്ങളില്ല. പ്രത്യേക പരിശീലകരോ പ്രത്യേകം തയ്യാറാക്കിയ വാഹനമോ ഡ്രൈവിങ് ടെസ്റ്റുകളില്‍ മാറ്റങ്ങളോ ഒന്നും തന്നെയില്ല.
ഏറെപ്പേരാണ് ലൈസന്‍സില്ലെന്ന കാരണത്താല്‍ ജീവിതമാര്‍ഗം തടസ്സപ്പെട്ടു നില്‍ക്കുന്നത്. ലേണിങ് ടെസ്റ്റിനു ചെന്നാല്‍ നിങ്ങള്‍ക്ക് വാഹനം ഓടിക്കാനാകില്ല, ലൈസന്‍സ് കിട്ടില്ലെന്നും പറഞ്ഞ് ഉദ്യാഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുന്നതായും ആരോപണമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിവേദനം നല്‍കി മടുത്തെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പറയുന്നു. പ്രത്യേക സംവിധാനങ്ങളൊന്നും ഇവിടെയില്ല. കടുത്ത അവഗണനയാണിത്. ലൈസന്‍സ് വേണ്ടാത്ത ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാമെന്നുവെച്ചാല്‍ അതില്‍ ഭിന്നശേഷിക്കാരുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് രൂപമാറ്റം വരുത്താന്‍ നിയമം അനുവദിക്കുന്നുമില്ല.
രൂപമാറ്റം വരുത്തി എന്ന പേരില്‍ പലരും പിഴ അടയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്.
എന്നാല്‍, സുരക്ഷ മുന്‍നിര്‍ത്തി വളരെ വൈകല്യം ഉള്ളവര്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കുന്നതിന് തടസമുള്ളൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. ഇലക്‌ട്രിക് വാഹനങ്ങള്‍ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സോ പെര്‍മിഷനോ ഇവര്‍ക്ക് ആവശ്യമില്ല. ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും തടസ്സമില്ല. ഇതിനായി അപ്രൂവ്ഡ് കിറ്റുകളും ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ സഹായവും വകുപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.