കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകാൻ ക്യാമ്പ്  22 മുതൽ

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകാൻ ക്യാമ്പ് 22 മുതൽ

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെൻ്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൗജന്യമായി ചലനസഹായികളും മറ്റു ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ബ്ലോക്ക് തലത്തിലുള്ള ക്യാമ്പുകൾ 7 ദിവസങ്ങളിലായി നടത്തും. തിങ്കളാഴ്ച (നവംബര് 22) മുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് തോമസ് ചാഴികാടൻ എം പി അറിയിച്ചു.

കേന്ദ്ര സർക്കാർ സ്ഥാപനമായ ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യ (അലിംകോ)യും, സാമൂഹ്യ നീതി വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്നാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സാമൂഹ്യ നീതി വകുപ്പുമായി ബന്ധപ്പെട്ട പാർലമെൻറ് സമിതിയിൽ എം പി സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇതിനുള്ള നടപടിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യത്തെ ക്യാമ്പ് ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 22ന് തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9:30 മുതൽ ക്യാമ്പ് ആരംഭിക്കും.

എം.പി യും, ജില്ലാ കലക്ടറും, ത്രിതല പഞ്ചായത്ത് പ്രതിനിധികളും, സാമൂഹ്യ നീതി, ആരോഗ്യക്ഷേമം, ശിശുവികസനം തുടങ്ങിയ വകുപ്പുകളിലെ ഡോക്ടർമാരും ഉദ്യോഗസ്ഥരും, അലിംകോയിലെ ഉദ്യോഗസ്ഥരും ക്യാമ്പുകൾക്ക് നേതൃത്വം കൊടുക്കും. ഏഴു ബ്ലോക്കുകളിലായി നടത്തുന്ന ക്യാമ്പുകളിൽ ആയിരത്തിലധികം ഗുണഭോക്താക്കൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ക്യാമ്പിൽ പങ്കെടുക്കുവാൻ പേര് രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം തങ്ങളുടെ സ്ഥലത്തെ അങ്കണവാടി ടീച്ചറുടെ പക്കൽ പേര് രജിസ്റ്റർ ചെയ്ത് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും എം പി അറിയിച്ചു.

ക്യാമ്പുകൾ നടക്കുന്ന ബ്ലോക്കുകളും തിയതിയും സ്ഥലവും താഴെ പറയുന്നു.
ളാലം നവംബർ 22, തിങ്കൾ – ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ളാലം
പാമ്പാടി നവംബർ 23, ചൊവ്വാ – പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പള്ളിക്കത്തോട്
വൈക്കം നവംബർ 24, ബുധൻ – ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വൈക്കം മുഹമ്മദ്‌ ബഷീർ സ്മാരക ഹാൾ
പള്ളം നവംബർ 25, വ്യാഴം – മുനിസിപ്പൽ ടൗൺ ഹാൾ, കുമാരനല്ലൂർ, കോട്ടയം
ഏറ്റുമാനൂർ നവംബർ 26, വെള്ളി – അൽഫോൻസാ ഹാൾ, അതിരമ്പുഴ സെൻറ് മേരീസ് പള്ളി
ഉഴവൂർ നവംബർ 27, ശനി – കുറവിലങ്ങാട് സെൻറ് മേരീസ് പള്ളി ആഡിറ്റോറിയം
കടുത്തുരുത്തി നവംബർ 28, ഞായർ – മിനി സിവിൽ സ്റ്റേഷൻ ഹാൾ, കടുത്തുരുത്തി