
കോട്ടയം: കേരള ഹാൻഡ്ബോൾ അസോസിയേഷന്റെ നേത്യത്വത്തിൽ കേരളത്തിൽ ഇതാദ്യമായി 33-ാമത് നാഷണൽ സീനിയർ മെൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് കോട്ടയം ജില്ലയിലെ ചങ്ങനാശേരി പട്ടണത്തിലെ പ്രസിദ്ധമായ കലാലയങ്ങളായ സെന്റ് ബെർക്കുമാൻസ് കോളജ്, അസംപ്ഷൻ കോളേജ് എന്നിവിടങ്ങളിൽ വച്ചു ഡിസംബർ 26 മുതൽ 29 വരെ നടത്തും.
കേരള ഹാൻഡ്ബോൾ അസോസിയേഷൻ ചെയർമാൻ . ബിഫി വർഗീസ് പുല്ലുകാട്ടിന്റെ ശ്രമഫലമായാണ് ഈ ചാമ്പ്യൻഷിപ്പ് ചങ്ങനാശ്ശേരിയിൽ അനുവദിക്കപ്പെട്ടത്. മത്സരത്തിന്റെ ഭാഗ്യചിഹ്നം സിപ്പി എന്ന മുയൽ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത പേരാണിത്. പേര് നിർദ്ദേശിച്ച പാലക്കാട് സ്വദേശി സുഖി ആബിദിന് 10,000 രൂപ സമ്മാനം നൽകും.
രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ പ്രധാന ടീമുകളെ കൂടാതെ റെയിൽവേ, സർവീസസ്, പോലീസ് ടീമുകളും മത്സരത്തിൽ മാറ്റുരയ്ക്കും.ഡിസംബർ 25 മുതൽ എത്തിച്ചേരുന്ന വിവിധ ടീമുകളെ റെയിൽവേ സ്റ്റേഷനുകളിൽ കേരളീയ സംസ്കാരത്തിന് അനുയോജ്യമായ രീതിയിൽ സ്വീകരിച്ചു താമസ സ്ഥലത്തു എത്തിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
26 മുതൽ എല്ലാ ദിവസവും രാവിലെ 7 മണിക്ക് മത്സരം ആരംഭിച്ചു 11 മണിക്ക് അവസാനിപ്പിക്കുന്നതും വീണ്ടും വൈകുന്നേരം 3 മണി മുതൽ 9 മണി വരെ മത്സരങ്ങൾ നടത്തുന്നതുമാണ്.
700 ൽപ്പരം കായിക താരങ്ങളും ഫെീഷ്യൽസും നൂറുകണക്കിന് കാണികളും ഗ്രൗണ്ടിൽ എത്തി ചേരും. ഹാൻഡ്ബോൾ അസോസിയേഷന്റെ ദേശീയ / സംസ്ഥാന/ജില്ലാ നേതൃത്വം മത്സരനടത്തിപ്പിനായി ഡിസംബർ 20 മുതൽ ചങ്ങനാശ്ശേരിയിൽ എത്തിത്തുടങ്ങും.
മത്സര നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികൾ ചാമ്പ്യൻഷിപ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. കേരള ടീമിന്റെ പരിശീലനം 21 മുതൽ ചങ്ങനാശേരിൽ ആരംഭിക്കും. 26നു വൈകുന്നേരം 6 നു ചാമ്പ്യൻഷിപ്പിന്റെ ഔപചാരികമായ ഉത്ഘാടനം നടക്കും.
കേരളീയ കലാരൂപങ്ങളുടെ അവതരണവും കായിക താരങ്ങളുടെ മാർച്ച്പാസ്റ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടീമുകളെ കാണികൾക്കു പരിചയപ്പെടുത്തും. 29ന് ഫൈനൽ മത്സരത്തിന് ശേഷം സമ്മാനദാനം നിർവഹിക്കും.
കെ.എച്ച്.എ ചെയർമാൻ ബിഫി വർഗീസ് പുല്ലുകാട്, കെ.എച്ച്.എ ജനറൽ സെക്രട്ടറി സുധീർ എസ്.എസ്, ജനറൽ കൺവീനർ ജിജി ഫ്രാൻസിസ് നിറപറ, ടെക്നിക്കൽ കമ്മറ്റി കൺവീനർ ബെർണാഡ് തോമസ്, മീഡിയ കൺവീനർ മാർട്ടിൻ ജോസഫ്, പിആർഒ . വിനോദ് പണിക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.