
കാസർകോട്: കാസർകോട്ട് ഹനാൻ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകർക്കെതിരെ കേസെടുത്തു പൊലീസ്.
സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്‌ഐആറിലുള്ളത്.
കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപമുള്ള മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഗീത പരിപാടി ആരംഭിക്കുന്നതിന് മുൻപ് തന്നെ ആളുകള്‍ ഇവിടെ തടിച്ചുകൂടുകയായിരുന്നു. നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. തിക്കും തിരക്കും കാരണം പൊലീസ് പരിപാടി നിർത്തിവെപ്പിച്ചു.
ജില്ലാ പൊലീസ് മേധാവി നേരിട്ട് എത്തിയാണ് പരിപാടി നിർത്തി വെപ്പിച്ചത്. ആളുകളെ പിരിച്ചു വിടാൻ പൊലീസ് ലാത്തി വീശി. തിക്കിലും തിരക്കിലുംപെട്ട് അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.



