ഈ പ്രപഞ്ചത്തിന്റെ താരും തളിരും നിലനിൽക്കുന്നത് തന്നെ അനുരാഗം എന്ന അതിമനോഹരമായ വികാരത്തിൽ നിന്നാണ് : ആദ്യത്തെ സ്വരത്തിൽ നിന്നും ആദ്യത്തെ പൂവിൽനിന്നും അനുരാഗത്തിന്റെ അമൃത് കടഞ്ഞെടുത്ത് കൈരളിയ്ക്ക് കാഴ്ച്ചവെച്ച പ്രിയപ്പെട്ട വയലാറിന് ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു .

Spread the love

കോടയം: ആർ എസ് ശ്രീനിവാസന്റെ
“ശ്രീ സായി പ്രൊഡക്ഷൻസ് ” കച്ചവട സിനിമകൾ മാത്രം നിർമ്മിച്ചിരുന്ന ഒരു ബാനറായിരുന്നു .
പ്രേംനസീർ , അടൂർ ഭാസി ,വിജയശ്രീ , ജയഭാരതി , ശ്രീലത , ജോസ് പ്രകാശ് തുടങ്ങിയ നടീനടന്മാരും
എ ബി രാജ് എന്ന സംവിധായകനും ശ്രീകുമാരൻ തമ്പി അർജുനൻ ടീമിന്റെ ഗാനങ്ങളുമായാൽ രണ്ടരമണിക്കൂർ മതിമറന്ന് ആഹ്ലാദിക്കാവുന്ന രസികൻ സിനിമകളായിരുന്നു അവരുടേത്.

ദോഷം പറയരുതല്ലോ,
ഇത്തരം സിനിമകൾ അന്നത്തെ പ്രേക്ഷകർ വളരെയധികം സ്വാഗതം ചെയ്തിരുന്നു.
ഇതിന് പ്രധാന കാരണം അക്കാലത്തിറങ്ങിയിരുന്ന ഇമ്പമൂറുന്ന ഗാനങ്ങളായിരുന്നു. മാത്രമല്ല ചിത്രം മെയിൻ സെന്ററിൽ വെറും രണ്ടുമൂന്നാഴ്ചകൾ കളിച്ചാൽ നിർമ്മാതാവിന് മുടക്കുമുതലും തിരിച്ചുകിട്ടിയിരുന്നു.

ഇത്തരത്തിൽ 1975-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു .
“ഹലോ ഡാർലിംഗ് “.
എന്നാൽ പതിവിനു വിപരീതമായി ഈ ചിത്രത്തിൽ ഗാനങ്ങൾ എഴുതിയത് വയലാർ രാമവർമ്മയായിരുന്നു . സംഗീതസംവിധാനം അർജ്ജുനൻ തന്നെ. പ്രേംനസീർ , ജയഭാരതി , സുധീർ , റാണിചന്ദ്ര ,അടൂർ ഭാസി , ബഹദൂർ , മീന തുടങ്ങിയവർ അഭിനയിച്ച
ഈ ചിത്രം അന്നത്തെ ഒരു മ്യൂസിക്കൽ ഹിറ്റ് എന്ന നിലയിലാണ് ഇന്ന് ഓർമിക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജുനൻ മാസ്റ്റർ
സെമി ക്ലാസിക്കൽ
ശൈലിയിൽ ചെയ്ത

“അനുരാഗമേ
അനുരാഗമേ
മധുര മധുരമാം
അനുരാഗമേ …..”

എന്ന ഗാനമായിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
പി സുശീല പാടിയ
“ദ്വാരകേ ദ്വാരകേ …
എന്ന ഗാനവും മാധുരിയും യേശുദാസും പാടിയ “നയന്റീൻ സെവന്റി ഫൈവ് …..” എന്ന ഗാനവും ജനപ്രീതിയിൽ ഒട്ടും പുറകിലായിരുന്നില്ല.
യേശുദാസ് ആലപിച്ച
“കാറ്റിൻ ചിലമ്പൊലിയോ ..” എന്നതായിരുന്നു ചിത്രത്തിലെ മറ്റൊരു ഗാനം .

1975 മെയ് മാസത്തിലാണ് “ഹലോ ഡാർലിംഗ്” തിയേറ്ററുകളിലെത്തിയത്.
ഗോൾഡൻ ജൂബിലി പൂർത്തിയാക്കുന്ന
“ഹലോ ഡാർലിംഗ് ” എന്ന ചിത്രത്തിലെ
“അനുരാഗമേ …. ”
എന്ന ഗാനത്തിന്റെ വരികൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത് അനുരാഗത്തെ കുറിച്ച് വയലാർ നെയ്തെടുത്ത കൽപ്പനകളുടെ ഭാവനാചിത്രം കൊണ്ടു തന്നെയാണ് .
ആ മനോഹരമായ വരികളിലേയ്ക്ക് ഒന്ന് കണ്ണോടിക്കാം .

“അനുരാഗമേ അനുരാഗമേ
മധുരമധുരമാമനുരാഗമേ
ആദ്യത്തെ സ്വരത്തിൽ നിന്നാദ്യത്തെ
പൂവിൽ നിന്നമൃതുമായ്
നീയുണർന്നു
യുഗപരിണാമങ്ങളിലൂടെ നീ
യുഗ്മഗാനമായ് വിടർന്നു

നിൻ പനിനീർപ്പുഴ ഒഴുകിയാലേ
നിത്യഹരിതയാകൂ
പ്രപഞ്ചം നിത്യഹരിതയാകൂ
അസ്ഥികൾക്കുള്ളിൽ നീ തപസ്സിരുന്നാലേ
അക്ഷയപാത്രമാകൂ
ഭൂമിയൊരക്ഷയപാത്രമാകൂ

നിൻ ചൊടി പൂമ്പൊടി ചൂടിയാലേ
നീലമുളകൾ പാടൂ
ഋതുക്കൾ
പീലിവിടർത്തിയാടൂ
അന്തരാത്മാവിൽ നീ
ജ്വലിച്ചു നിന്നാലേ
ഐശ്വര്യപൂർണ്ണമാകൂ ജീവിതം
ഐശ്വര്യപൂർണ്ണമാകൂ….”

ഈ പ്രപഞ്ചത്തിന്റെ
താരും തളിരും നിലനിൽക്കുന്നത്
തന്നെ അനുരാഗം എന്ന അതിമനോഹരമായ വികാരത്തിൽ നിന്നാണ് .
ആദ്യത്തെ സ്വരത്തിൽ നിന്നും ആദ്യത്തെ പൂവിൽനിന്നും അനുരാഗത്തിന്റെ അമൃത് കടഞ്ഞെടുത്ത് കൈരളിയ്ക്ക് കാഴ്ച്ചവെച്ച പ്രിയപ്പെട്ട വയലാറിന് ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു .