
പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കോട്ടയം ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് മൊത്തം 238 കേസുകൾ; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 7 കേസുകൾ
കോട്ടയം: പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ മൊത്തം 238 കേസുകൾ രജിസ്റ്റർ ചെയ്തു. 7 കേസുകളാണ് പുതിയതായി ഇന്നലെ രജിസ്റ്റർ ചെയ്തത്.
മുണ്ടക്കയം സ്റ്റേഷനിൽ മൂന്നു കേസും, ഈരാറ്റുപേട്ട സ്റ്റേഷനിൽ രണ്ടു കേസുകളും കുറവിലങ്ങാട്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതമാണ് രജിസ്റ്റർ ചെയ്തത്.
സ്കൂട്ടറും ലാപ്ടോപ്പും ഗൃഹോപകരണങ്ങളും പകുതി വിലയ്ക്കു നൽകുമെന്നും ബാക്കി പണം വിവിധ കമ്പനികൾ അവയുടെ സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽനിന്നു നൽകുമെന്നും വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. എന്നാൽ, പിടിയിലായ അനന്തു കൃഷ്ണൻ പറഞ്ഞ കമ്പനികളിൽ പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ അവർക്കു ബന്ധമില്ലെന്നാണു മറുപടി കിട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലയിടത്തും തദ്ദേശ ജനപ്രതിനിധികളെയും കുടുംബശ്രീ ചുമതലക്കാരെയും കൂടെ നിർത്തിയാണു തട്ടിപ്പു നടത്തിയത്. ചില ജനപ്രതിനിധികൾ അവസാന നിമിഷം വരെ തട്ടിപ്പുകാരെ ന്യായീകരിച്ചു കൊണ്ടിരുന്നു. കൂടുതൽ തട്ടിപ്പുകൾ പുറത്തുവന്നതോടെ ചിലർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
‘ഗുണഭോക്തൃ സംഗമങ്ങൾ’ ഉദ്ഘാടനം ചെയ്യാൻ എംപിയെയും എംഎൽഎയെയും വരെ തട്ടിപ്പുകാർ സംഘടിപ്പിച്ചു. സ്കൂട്ടർ കിട്ടാൻ വൈകിയപ്പോൾ പരാതിപ്പെടാൻ തുനിഞ്ഞവരെ പലതും പറഞ്ഞു പിന്തിരിപ്പിച്ചു. ഇപ്പോഴും കബളിപ്പിക്കപ്പെട്ടവരിൽ ചെറിയൊരു ശതമാനം മാത്രമേ പൊലീസിൽ പരാതി നൽകിയിട്ടുള്ളൂ.
സ്കൂട്ടർ കിട്ടും എന്ന പ്രതീക്ഷ കൈവിടാത്തവരും അപമാനഭീതിയുള്ളവരും പുറത്തു മിണ്ടുന്നില്ല. ഇതെല്ലാം കൂട്ടിയാൽ ആയിരക്കണക്കിന് ആളുകളാണു കബളിപ്പിക്കപ്പെട്ടതെന്നാണു വിവരം. പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച ഒട്ടേറെ പരാതികൾ ഒന്നിച്ചു ചേർത്താണു പൊലീസ് കേസെടുക്കുന്നത്.