സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഈ വർഷത്തെ ഹജ്ജ് ക്യാമ്പ് നാളെ ബുധൻ സമാപിക്കും.അവസാന വിമാനത്തിലേക്കുള്ള തീർത്ഥാടകർ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ ക്യാമ്പിലെത്തും. ഉച്ചക്ക് രണ്ട് മണിക്ക് ഇവർക്കുള്ള രേഖകൾ കൈമാറും. മഗ് രിബ് ഇശാ നിസ്കാരങ്ങൾ ഒരുമിച്ച് നിർവ്വഹിച്ച് ഭക്ഷണം കഴിക്കും. രാത്രി എട്ട് മണിയോടെ അവസാന സംഘത്തിനുള്ള യാത്രയയപ്പ് പരിപാടി ആരംഭിക്കും. ഒമ്പത് മണിയോടെ എയർപോർട്ടിലേക്ക് തിരിക്കും. വ്യാഴാഴ്ച പുലർച്ചെ 1.10 ന് ഐ.എക്സ്. 3029 നമ്പർ വിമാനം 88 പുരുഷന്മാരും 81 സ്ത്രീകളും ഉൾപ്പടെ 169 തീർത്ഥാടകരുമായി ജിദ്ധയിലേക്ക് പറക്കും. ഇതോടെ കരിപ്പൂർ വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്രക്കു പരിസമാപ്തിയാവും. അവസാന സംഘത്തോടൊപ്പം സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.അബ്ദുൽ ജബ്ബാർ അനുഗമിക്കും. കോഴിക്കോട് നിന്നും പുറപ്പെടുന്ന തീർത്ഥാടകരുടെ സേവനത്തിനായി ഇതുവരെ 32 എസ്.എച്.ഐ മാരാണ് യാത്രയായിട്ടുള്ളത്. ഇക്കഴിഞ്ഞ മെയ് ഒമ്പതിന് വെള്ളിയാഴ്ചയാണ് കരിപ്പൂരിൽ ക്യാമ്പ് ആരംഭിച്ചത്. പത്തിന് പുലർച്ചെ 1.10 നായിരുന്നു ആദ്യ വിമാനം. 31 വിമാനങ്ങളിലായി 5340 തീർത്ഥാടകരാണ് കരിപ്പൂർ വഴി യാത്രയാവുന്നത്. കണ്ണൂരിൽ നിന്നും മെയ് 29 നും കൊച്ചിയിൽ നിന്നും മെയ് 30 നുമാണ് അവസാന വിമാനങ്ങൾ. കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് വോളണ്ടിയർമാർക്കുള്ള പ്രത്യേക അനുമോദനം ബുധനാഴ്ച വൈകുന്നേരം ഹജ്ജ് ഹൗസിൽ നടക്കും. തീർത്ഥാടകർക്കായി കൈമൈ മറന്ന് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളാണ് ക്യാമ്പ് വോളണ്ടിയേഴ്സ് നടത്തിയത്. സർവ്വീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് എയർപോട്ട് ഡയറക്ടർ സി.വി രവീന്ദ്രനു പ്രത്യേക യാത്രയയപ്പും ഹജ്ജ് ക്യാമ്പിൽ വെച്ച് നൽകും. ബുധനാഴ്ച കരിപ്പൂരിൽ നിന്നും മൂന്ന് വിമാനങ്ങളാണ് സർവ്വീസ് നടത്തുക. പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിൽ 94 പുരുഷന്മാർ 79 സ്ത്രീകൾ, രാവിലെ 9.20 ന് പുറപ്പെടുന്ന വിമാനത്തിൽ 85 പുരുഷന്മാർ 88 സ്ത്രീകൾ, വൈകുന്നേരം 5.55 ന് പുറപ്പെടുന്ന വിമാനത്തിൽ 95 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക.