മുടി കൊഴിയുന്നുണ്ടോ? നിരാശപ്പെടേണ്ട; ആരോഗ്യമുള്ള മുടിക്ക് വേണ്ടത് ഈ പോഷകങ്ങൾ

Spread the love

ഇന്നത്തെ തിരക്കേറിയ ജീവിതരീതിയും, പരിസ്ഥിതി മലിനീകരണവും, മാനസിക സമ്മർദവും മൂലം പലർക്കും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു.

പാരമ്പര്യ ഘടകങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും ഇതിന് കാരണമാകാം. എന്നാൽ, ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, ശരിയായ ഭക്ഷണശീലം പിന്തുടരുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സംരക്ഷിക്കാനും കഴിയും. മുടി ആരോഗ്യകരമാക്കാൻ സഹായിക്കുന്ന ചില പ്രധാനപ്പെട്ട പോഷകങ്ങൾ ചുവടെ കൊടുക്കുന്നു:

പ്രോട്ടീൻ
നമ്മുടെ മുടി നിർമ്മിച്ചിരിക്കുന്നത് കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ്. മുടിയുടെ വളർച്ചയ്ക്കും ബലത്തിനും തിളക്കത്തിനും ഇത് അത്യാവശ്യമാണ്. പ്രോട്ടീന്റെ കുറവ് മുടി പൊട്ടിപ്പോകാനും കനം കുറയാനും കാരണമാകും. മുട്ട, മത്സ്യം, കോഴിയിറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍, പയറുവർഗ്ഗങ്ങള്‍ എന്നിവ പ്രോട്ടീന്റെ മികച്ച സ്രോതസ്സുകളാണ്.

ഇരുമ്പ്
ചുവന്ന രക്താണുക്കള്‍ക്ക് ഓക്സിജൻ രോമകൂപങ്ങളില്‍ എത്തിക്കാൻ ഇരുമ്ബ് സഹായിക്കുന്നു. ശരീരത്തില്‍ ഇരുമ്ബിന്റെ അളവ് കുറയുന്നത് മുടി കൊഴിച്ചിലിനും മുടിയുടെ കനം കുറയുന്നതിനും കാരണമാകും. റെഡ് മീറ്റ്, കോഴിയിറച്ചി, ചീര, ബീൻസ്, പയർ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ആവശ്യത്തിന് ഇരുമ്ബ് ഉറപ്പാക്കാം.

വിറ്റാമിൻ ഡി
മുടിക്ക് ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിൻ ഡി. ഇതിന്റെ കുറവ് മുടി കൊഴിച്ചിലിനും കനം കുറയുന്നതിനും കാരണമാകുമെന്ന് ഹാർവാർഡ് ഹെല്‍ത്ത് റിപ്പോർട്ട് പറയുന്നു.

വിറ്റാമിൻ ബി-കോംപ്ലക്സ്
ബയോട്ടിൻ (വിറ്റാമിൻ ബി6), വിറ്റാമിൻ ബി12, ഫോളേറ്റ് എന്നിവ മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കെരാറ്റിൻ ഉത്പാദനത്തിന് ബയോട്ടിൻ പ്രധാനമാണ്. കൂടാതെ, കോശങ്ങളുടെ വളർച്ചയെ ഫോളേറ്റ് സഹായിക്കുന്നു.

വിറ്റാമിൻ എ, സി, ഇ
വിറ്റാമിൻ എ, സി, ഇ എന്നിവയും മുടിയുടെ ആരോഗ്യത്തില്‍ നിർണായക പങ്ക് വഹിക്കുന്നു. മുടിയെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. വിറ്റാമിൻ എ സീബം (sebum) ഉല്‍പാദനത്തിന് സഹായിക്കുന്നു, ഇത് തലയോട്ടിക്ക് ഈർപ്പം നല്‍കുന്നു. കൊളാജൻ സിന്തസിസിന് (collagen synthesis) വിറ്റാമിൻ സി അത്യാവശ്യമാണ്, അതേസമയം വിറ്റാമിൻ ഇ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ മുടി നേരത്തേ കൊഴിയുന്നത് തടയുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ ഒരു പഠനത്തില്‍, ഒമേഗ-3, ഒമേഗ-6 സപ്ലിമെന്റുകള്‍ ആറു മാസം കഴിച്ച സ്ത്രീകളില്‍ മുടികൊഴിച്ചില്‍ ഗണ്യമായി കുറഞ്ഞതായും മുടിയുടെ കനം കൂടിയതായും കണ്ടെത്തി.