മുടി കൊഴിച്ചിൽ മാറുന്നില്ലേ;കാരണം കണ്ടെത്തി ചികിത്സ ആവാം

Spread the love

മുടികൊഴിച്ചിലിന് പല മരുന്നുകൾ പരീക്ഷിച്ചു മടുത്തോ? സത്യമെന്താണെന്ന്‌ വച്ചാല്‍ ശരീരത്തിലെ പലവിധ പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിലേക്ക്‌ നയിക്കാം. ഉദാഹരണത്തിന്‌ വയറിനും കുടലിനും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിനെ സ്വാധീനിക്കാമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. വയറിലെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്‌മ ജീവികള്‍ മുതല്‍ പോഷണത്തിന്റെ ആഗീരണം വരെ പല വിഷയങ്ങള്‍ മുടികൊഴിച്ചിലിന്‌ കാരണമായേക്കാം

വയറും തലച്ചോറും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന നിരന്തരമായ സമ്മര്‍ദം അമിതമായി മുടികൊഴിയുന്ന ടെലോജന്‍ എഫ്‌ളൂവിയം എന്ന അവസ്ഥയ്‌ക്ക്‌ കാരണമാകാമെന്ന്‌ ന്യൂട്രീഷനിസ്റ്റും വെല്‍നസ്‌ കണ്‍സള്‍ട്ടന്റുമായ ഡോ. മേധാ കപൂര്‍ എച്ച്‌ടി ലൈഫ്‌സ്‌റ്റൈലിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അതേ പോലെ വയറിനെ ബാധിക്കുന്ന സീലിയാക്‌ രോഗവും ഗ്ലൂട്ടന്‍ ഇന്‍സെന്‍സിറ്റീവിറ്റിയും ഓട്ടോഇമ്മ്യൂണ്‍ ഹെയര്‍ ലോസിലേക്ക്‌ നയിക്കാം.

ലീക്കി ഗട്ട്‌ സിന്‍ഡ്രോം മൂലമുള്ള പോഷണത്തിലെ അഭാവവും മുടികൊഴിച്ചിലിന്‌ കാരണമാകാമെന്ന്‌ ഡോ. മേധാ ചൂണ്ടിക്കാണിക്കുന്നു. വയറിന്റെ ആരോഗ്യത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ടിലേക്ക്‌ നയിക്കുന്നത്‌ മുടിവളര്‍ച്ചയെ ബാധിക്കാം. മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ സിങ്ക്‌, ബയോട്ടിന്‍, വൈറ്റമിന്‍ ഡി, അയണ്‍, ബി വൈറ്റമിനുകള്‍ പോലുള്ള പോഷണങ്ങളുടെ ശരീരത്തിലേക്കുള്ള ശരിയായ ആഗീരണത്തിനും വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെട്ടതായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിലെ സൂക്ഷ്‌മാണുക്കള്‍ ചിലപ്പോള്‍ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുക്കളും രോമകൂപങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാറുണ്ട്‌. ഡിഎച്ച്‌ടി പോലെ കഷണ്ടിയെ നിയന്ത്രിക്കുന്ന ചില ഹോര്‍മോണുകളെ സ്വാധീനിക്കാനും വയറിലെ സൂക്ഷ്‌മാണുക്കള്‍ക്ക്‌ സാധിക്കും. അനാരോഗ്യകരമായ വയര്‍ മൂലം ശരീരത്തിലെ കോര്‍ട്ടിസോണ്‍ തോത്‌ ഉയര്‍ന്നാലും മുടികൊഴിച്ചിലിന്റെ തോത്‌ വര്‍ദ്ധിക്കാം.

മദ്യം, പഞ്ചസാര, കാപ്പി, പായ്‌ക്ക്‌ ചെയ്‌തതും സംസ്‌കരിച്ചതുമായ ഭക്ഷണം എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത്‌ വയറിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കും. കൂടുതല്‍ ഫൈബറും പ്രോബയോട്ടിക്കുകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും സഹായകമാണ്‌. വെളുത്തുള്ളി, പഴം, ഉള്ളി, പുളിപ്പിച്ച ഭക്ഷണങ്ങളായ ദോശ, ഇഡ്‌ലി എന്നിവയും വയറിന്റെ ആരോഗ്യത്തിന്‌ നല്ലതാണ്‌.