
മുടി കൊഴിച്ചിൽ കാരണം ബുദ്ധിമുട്ടുന്നുണ്ടോ? പല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലമില്ലേ? ആശങ്കപ്പെടേണ്ട. പരിഹാരം പ്രകൃതിയിൽ തന്നെയുണ്ട്. ആയുർവേദത്തിലെ ചില ഔഷധങ്ങൾ മുടി കൊഴിച്ചിൽ തടയാനും മുടി കൂടുതൽ കട്ടിയായി വളരാനും സഹായിക്കും. അങ്ങനെ ഫലപ്രദമായ അഞ്ചു ആയുർവേദ ഔഷധങ്ങൾ എന്തൊക്കെയെന്നു നോക്കാം!
ബ്രഹ്മി
ശിരോചർമത്തിന്റെ വരൾച്ച, ചൊറിച്ചിൽ എന്നിവ ശമിപ്പിക്കാൻ ഏറെ പ്രയോജനകരമാണ് ബ്രഹ്മി. തലമുടിയുടെ കരുത്തും തിളക്കവും വർധിപ്പിച്ച് അമിതമായ മുടികൊഴിച്ചിലിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ ബ്രഹ്മി ഉപയോഗിക്കാം. മറ്റ് പാർശ്വഫലങ്ങൾ ഇല്ലാത്തതിനാൽ ദിവസവും ഉപയോഗിക്കുന്നതിന് യാതൊരു തടസവുമില്ല. പൊടിച്ചോ എണ്ണ കാച്ചിയോ ബ്രഹ്മി ഉപയോഗിക്കാവുന്നതാണ്.
ഉലുവ
തലമുടിയുടെ ആരോഗ്യം നിലനിർത്താൻ ഏറ്റവും മികച്ച മാർഗമാണ് ഉലുവ. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഉലുവയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ വളർച്ചക്ക് ഗുണം ചെയ്യുന്ന ഒന്നാണ്. തലമുടിയിലെ മറ്റ് പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ ഇതിലെ മറ്റ് പോഷണങ്ങളും സഹായിക്കും. വെളിച്ചെണ്ണയിൽ ചേർത്തോ അല്ലെങ്കിൽ തൈരിൽ ചേർത്ത് ഹെയർ പാക്കായോ ഉലുവ ഉപയോഗിക്കാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെല്ലിക്ക
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ് നെല്ലിക്ക. വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, സജീവ ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഈ ഗുണങ്ങൾ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ ഇഴകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും താരനെ ചെറുക്കാനും തലയോട്ടിയിലെ അഴുക്കുകൾ നീക്കാനും പ്രയോജനകരമാണ്.
നെല്ലിക്ക സത്ത് അടങ്ങിയ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും തലമുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും. കൂടാതെ, അകാലനര തടയുന്നതിനുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണ് നെല്ലിക്ക.
കയ്യോന്നി
ഭൃംഗരാജ് എന്നറിയപ്പെടുന്ന കയ്യോന്നിയിൽ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിച്ച് വരുന്നുണ്ട്. കയ്യോന്നിയുടെ നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് ചേർത്ത് എള്ളെണ്ണയിൽ കാച്ചി എടുക്കുകയാണ് നല്ലത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് ആയുർവേദ വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
കറ്റാർവാഴ
മിക്ക വീടുകളിലും കാണും ഈ ഒരു ചെറിയ സസ്യം. കറ്റാർവാഴയുടെ ഗുണങ്ങളെ പറ്റി അറിയാത്തവർ വിരളമാണ്. എണ്ണമറ്റ ആരോഗ്യഗുണങ്ങളാണ് ഈ സസ്യത്തിന്റെ ഇലകളിൽ നിന്നെടുക്കുന്ന ജെല്ലിൽ അടങ്ങിയിരിക്കുന്നത്. കറ്റാർവാഴ ജെല്ലിലെ ഫാറ്റി ആസിഡ് തലയോട്ടിയിലെ വീക്കം, താരൻ എന്നിവ പരിഹരിക്കാൻ ഉത്തമമാണ്. ആൻറി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശിരോചർമത്തിൽ ഉണ്ടാകുന്ന പ്രകോപനങ്ങളെ കുറക്കാനും ഇത് സഹായിക്കും. കൂടാതെ, തലയോട്ടിയിൽ ഉണ്ടാകുന്ന അമിതമായ എണ്ണ ഉത്പാദനം നിയന്ത്രിക്കാനും കറ്റാർവാഴക്ക് സാധിക്കും.