സംസ്ഥാനത്ത് വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകം; കോണ്ടാക്ട് ലിസ്റ്റിലുള്ള നമ്പറിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് സന്ദേശം; അയച്ചുകൊടുത്താൽ കിട്ടുന്നത് എട്ടിന്റെ പണി; സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തട്ടിയെടുത്തു ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമം; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നത് വ്യാപകം. വാട്സാപ് ഹാക്ക് ചെയ്ത് ഉടമയുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരോടും ഗ്രൂപ്പുകളിലുള്ളവരോടും പണം ആവശ്യപ്പെടുകയാണ് തട്ടിപ്പ് രീതി. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തട്ടിയെടുത്തു ബ്ലാക്ക്മെയിൽ ചെയ്യാനും ശ്രമങ്ങളുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പരിചയമുള്ളവർ പോലും ഒടിപി നമ്പർ ആവശ്യപ്പെട്ട് മെസ്സേജ് അയച്ചാൽ മറുപടി നൽകരുതെന്ന് പോലീസ് പറയുന്നു. അക്കൗണ്ടുകൾ ഹാക്ക് ചെയ്തതായുള്ള നൂറുകണക്കിനു പരാതികളാണു പോലീസിനും സൈബർ സെല്ലിനും ലഭിക്കുന്നത്.
തട്ടിപ്പ് രീതി ഇങ്ങനെ:-
Whatsapp Group 1 | Whatsapp Group 2 |Telegram Group
∙ അബദ്ധത്തിൽ ഒരു ആറ് അക്ക നമ്പർ എസ്എംഎസ് ആയി അയച്ചുപോയെന്നും അതു വാട്സാപ്പിൽ ഫോർവേഡ് ചെയ്തുനൽകാനും ആവശ്യപ്പെട്ടുള്ള മെസേജിൽനിന്നാണു തുടക്കം. നേരത്തേ ഹാക്ക് ചെയ്യപ്പെട്ടവരുടെ വാട്സാപ്പിൽനിന്നാകും ഈ മെസേജ്.
∙ ഒടിപി അയച്ചുകൊടുത്താൽ അതോടെ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. തുടർന്ന് നമ്മൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങൾക്കും ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ധനാഭ്യർത്ഥനകളും അയയ്ക്കുകയാണു ചെയ്യുന്നത്.
തട്ടിപ്പിന് ഇരയാകുന്നവരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും കോണ്ടാക്ട് ലിസ്റ്റിലുള്ള ഒട്ടേറെപ്പേരുടെ അക്കൗണ്ടുകളിലേക്കും വളരെ വേഗം കടന്നുകയറാൻ തട്ടിപ്പുകാർക്കു കഴിയുന്നു. ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ചുള്ള തട്ടിപ്പിൽനിന്നു വ്യത്യസ്തമായി, ഇരയുടെ യഥാർഥ വാട്സാപ്പ് അക്കൗണ്ട് തന്നെ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുന്നു.
ഇതേസമയം, വാട്സാപ്പ് ഹാക്ക് ചെയ്തതറിഞ്ഞ് ഇര തന്നെ വിവിധ ഗ്രൂപ്പുകളിൽ നൽകുന്ന മുന്നറിയിപ്പു മെസേജ് തട്ടിപ്പുകാർ കണ്ടെത്തി ഡിലീറ്റ് ചെയ്യും.
കൊച്ചിയിലെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ കഴിഞ്ഞദിവസം യോഗം ചേർന്ന് വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. അധികം വൈകാതെ, അവരിലൊരാൾക്ക് ഒടിപി നമ്പർ ചോദിച്ച് കൂട്ടത്തിലെ മറ്റൊരാളുടെ മെസേജ് ലഭിച്ചു. സംശയിക്കാതെ ഒടിപി നമ്പർ കൊടുക്കുകയും ചെയ്തു.
ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പ് അക്കൗണ്ടിൽനിന്ന് പണം ചോദിച്ചു മെസേജ് ലഭിച്ചവരിൽ ഉന്നത ബാങ്ക് ഉദ്യോഗസ്ഥനുമുണ്ടായിരുന്നു. സംശയം തോന്നിയ അദ്ദേഹം, തന്റെ യുപിഐ നമ്പറുകൾ പ്രവർത്തിക്കുന്നില്ലെന്നും അക്കൗണ്ട് നമ്പർ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. ഇങ്ങനെ അയച്ചുകിട്ടിയതാകട്ടെ ഉത്തരേന്ത്യൻ പേരും ബാങ്ക് വിവരങ്ങളും.