play-sharp-fill
ലൈംഗികതയെകുറിച്ചുള്ള  അജ്ഞതയാണ് വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ;   വിവാഹപൂര്‍വ ലൈംഗികബന്ധം വന്ധ്യതയ്ക്ക് കാരണമാകുമോ? സ്ത്രീകളുടെ സംശയങ്ങള്‍ക്ക് മറുപടി

ലൈംഗികതയെകുറിച്ചുള്ള അജ്ഞതയാണ് വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ; വിവാഹപൂര്‍വ ലൈംഗികബന്ധം വന്ധ്യതയ്ക്ക് കാരണമാകുമോ? സ്ത്രീകളുടെ സംശയങ്ങള്‍ക്ക് മറുപടി


സ്വന്തം ലേഖിക

കൊച്ചി :വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഒരുമിച്ച്‌ താമസിച്ചിട്ടും കുഞ്ഞിക്കാല്‍ കാണാന്‍ സാധിക്കാതെ വരുമ്പോഴാണ് പലരും ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്.ലൈംഗികതയെകുറിച്ചുള്ള അജ്ഞതയാണ് വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. ശരിയായ രീതിയില്‍ ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയാത്ത സാഹചര്യം ഗര്‍ഭധാരണത്തിന് തടസമാകുന്നു. വന്ധ്യതയുടെ കാരണം അന്വേഷിക്കുമ്പോഴാകും ദമ്പതിമാരുടെ ലൈംഗിക അജ്ഞത മറനീക്കി പുറത്തുവരുന്നത്. വന്ധ്യതയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ചോദിക്കാന്‍ മടിക്കുന്ന 10 സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.

1. വിവാഹപൂര്‍വ ലൈംഗികബന്ധം വന്ധ്യതയ്ക്ക് കാരണമാകുമോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹപൂര്‍വ ലൈംഗികബന്ധവും ഗര്‍ഭധാരണവുമായി പ്രത്യക്ഷത്തില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ സുരക്ഷിതമല്ലാത്ത വിവാഹപൂര്‍വ ബന്ധങ്ങള്‍ ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് തടസം സൃഷ്ടിക്കാം. ഇത്തരം ലൈംഗിക ബന്ധത്തിന്റെ ഫലമായുണ്ടാകുന്ന മുറിവുകളോ അണുബാധയോ ആണ് ഗര്‍ഭധാരണം തടയുന്നത്. ഗര്‍ഭാശയത്തിലെ അണുബാധമൂലം അണ്ഡവാഹിനി കുഴലില്‍ തടസമുണ്ടാവുകയും അണ്ഡബീജ സംയോഗം നടക്കാതെ പോവുകയും ചെയ്യുന്നു.

2. ആവര്‍ത്തിച്ചുള്ള ഗര്‍ഭഛിദ്രം ഗര്‍ഭധാരണത്തെ തടസപ്പെടുത്തുമോ?

ഇന്ന് ഗര്‍ഭഛിദ്രത്തിനായി ഗുളികകളാണ് ഉപയോഗിക്കുന്നത്. ഇത് ഗര്‍ഭാശത്തെ ദോഷകരമായി ബാധിക്കാത്തതിനാല്‍ ഗുളിക ഉപയോഗിച്ച്‌ ഒന്നിലേറെ തവണയുള്ള ഗര്‍ഭഛിദ്രം നടത്തുന്നത് പിന്നീടുള്ള ഗര്‍ഭധാരണത്തെ ബാധിക്കുന്നില്ല. എന്നാല്‍ ഡി ആന്‍ഡ് സി പോലുള്ള ശസ്ത്രക്രിയകള്‍ വഴി ഗര്‍ഭഛിദ്രം ആവര്‍ത്തിച്ചാല്‍ പിന്നീടുള്ള ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയും. ഇങ്ങനെയുള്ള ഗര്‍ഭഛിദ്രത്തിന്റെ ഫലമായി ഗര്‍ഭാശയത്തില്‍ മുറിവുണ്ടാകാനും അതുവഴി അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതുമൂലം ചെറിയൊരു ശതമാനം ആളുകളില്‍ അണ്ഡവാഹിനിക്കുഴല്‍ അടഞ്ഞുപോവുകയും ഗര്‍ഭധാരണം തടസപ്പെടുന്നതായും കണ്ടുവരുന്നു. ഗര്‍ഭാശയത്തിന്റെ ഉള്‍തലം ആവരണം ചെയ്യുന്ന എന്‍ഡോമെട്രിയത്തിന് മുറിവുകളോ ക്ഷതങ്ങളോ ഉണ്ടായാല്‍ ഇത് പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കും. ആവര്‍ത്തിച്ചുള്ള ഗര്‍ഭഛിദ്രം മൂലം ഗര്‍ഭാശയഗളഭാഗത്ത് ബലക്കുറവ് ഉണ്ടാവുകയും ഗര്‍ഭം അലസിപ്പോകാന്‍ കാരണമാവുകയും ചെയ്യുന്നു. ചിലരില്‍ പ്രസവശേഷം മറുപിള്ള പുറത്തേക്ക് വരാതെ ഗര്‍ഭാശയഭിത്തിയില്‍ ഒട്ടിപ്പിടിച്ച്‌ സങ്കീര്‍ണമാവുന്നതായും കണ്ടുവരുന്നു.

3. വിവാഹശേഷവും കന്യാചര്‍മ്മം പൊട്ടിപ്പോകാത്തത് വന്ധ്യതയിലേക്ക് നയിക്കുമോ?

യോനി കവാടത്തില്‍ സ്ഥിതിചെയ്യുന്ന നേര്‍ത്തപാടയാണ് കന്യാചര്‍മ്മം. ഓരോ സ്ത്രീകളിലും ഇതിന്റെ കട്ടി കൂടിയും കുറഞ്ഞും കാണുന്നു. സാധാരണഗതിയില്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്ബോള്‍ കന്യാചര്‍മം പൊട്ടിപ്പോകും. ചിലരില്‍ കൗമാരകാലത്തുതന്നെ പല കാരണങ്ങള്‍കൊണ്ട് കന്യാചര്‍മം പൊട്ടിപ്പോയെന്നുവരാം. പക്ഷേ, പൊട്ടിപ്പോകാതെ തന്നെ ലൈംഗികബന്ധം സാധ്യമാകുന്ന വിധത്തില്‍ വഴങ്ങിക്കൊടുക്കുന്ന കന്യാചര്‍മ്മവുമുണ്ട്. പൊട്ടിപ്പോകാതെ കന്യാചര്‍മ്മം നിലനിന്നാലും ലിംഗ – യോനി സംയോഗം സാധ്യമാവുകയും ഗര്‍ഭധാരണത്തിന് ആവശ്യമുള്ള ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുകയും ചെയ്യും. അതുകൊണ്ട് കന്യാചര്‍മ്മം പൊട്ടിപ്പോകാതിരുന്നാലും ഗര്‍ഭധാരണം സംഭവിക്കാം.
4. വേദനാപൂര്‍ണമായ ലൈംഗികബന്ധം വന്ധ്യതയ്ക്ക് കാരണമാകുമോ?

വേദനാപൂര്‍ണമായ സെക്‌സ് ഗൗരവമായി കാണണം. ഇത് ചിലപ്പോള്‍ ഗര്‍ഭധാരണത്തിന് തടസം സൃഷ്ടിക്കാം. പല കാരണങ്ങള്‍കൊണ്ട് സ്ത്രീകള്‍ക്ക് സെക്‌സ് വേദനാപൂര്‍ണമാവാം. യോനിസങ്കോചമാണ് പ്രധാന കാരണം. ഇത് പലപ്പോഴും മാനസികമാണ്. യോനിയിലും ഗര്‍ഭാശയത്തിന്റെ ഉള്‍ഭിത്തിയിലും ഉണ്ടാകുന്ന അണുബാധ, ഗര്‍ഭാശയ മുഴകള്‍, മുറിവ്, ട്യൂമര്‍, അണ്ഡാശയത്തിന്റെ കട്ടികൂടുക തുടങ്ങിയ കാരണങ്ങള്‍കൊണ്ടും സെക്‌സ് വേദനജനകമാകാം. മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതുഘടകമാണ് വേദനയ്ക്ക് കാരണമാകുന്നതെന്ന് കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ഇതില്‍ യോനി സങ്കോചം മാനസികപ്രശ്‌നമായതിനാല്‍ ഒരു മനശാസ്ത്രജ്‌നന്റെ സഹായത്തോടെ പരിഹാരം കാണാവുന്നതാണ്. മറ്റുള്ളവയ്ക്ക് ചികിത്സ വേണ്ടിവരും.

5. ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ഗുളിക തുടര്‍ച്ചയായി കഴിക്കുന്നത് വന്ധ്യതയ്ക്ക് ഇടനല്‍കുമോ?

ആര്‍ത്തവം നീട്ടി വയ്ക്കാന്‍ ഗുളിക കഴിക്കുന്നതുകൊണ്ട് ഗര്‍ഭധാരണത്തിന് തടസമുണ്ടാവില്ല. പോളിസിസ്റ്റിക് ഓവറി ഉള്ളവരില്‍ ഇത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാനാണ് സഹായിക്കുന്നത്. ആര്‍ത്തവം നീട്ടി വയ്ക്കാന്‍ കഴിക്കുന്ന ഗുളികകള്‍ ഹോര്‍മോണ്‍ ഗുളികകളാണ്. പോളിസിസ്റ്റിക് ഓവറിയുള്ള സ്ത്രീകളില്‍ പുരുഷഹോര്‍മോണിന്റെ അളവ് കുറച്ച്‌ സ്ത്രീഹോര്‍മോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഈ ഗുളികകള്‍ സഹായിക്കുന്നു. ഇത് ഗര്‍ഭധാരണത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. കൂടാതെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും വന്ധ്യതയ്ക്ക് കാരണവുമായ പി.സി.ഒ.എസ് പോലുള്ള രോഗങ്ങള്‍ തടയാനും ഈ ഗുളികകള്‍ക്ക് കഴിയും.

6. ഗര്‍ഭിണിയാകും മുമ്ബ് സ്തനങ്ങളില്‍ നിന്നും സ്രവം ഉണ്ടാകുന്നത് സ്വാഭാവികമാണോ?

പ്രൊലാക്ടിന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് സ്തനത്തില്‍ നിന്നും സ്രവം വരാനുള്ള കാരണം. ഇത് അണ്ഡോത്പാദനം തടസപ്പെടുത്തുന്നു. സ്തനത്തില്‍ നിന്നും സ്രവം വരുന്നവര്‍ക്ക് ഗര്‍ഭധാരണ സാധ്യത കുറവാണ്. പ്രൊലക്ടിന്റെ അമിത ഉല്‍പാദനം കുറയ്ക്കാന്‍ മരുന്നുകളുണ്ട്. ഇതിനായി ഡോക്ടറുടെ സഹായം തേടണം.

7. കായിക മത്സരങ്ങളില്‍ സജീവമാകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭംധരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമോ?

കായിക മത്സരത്തിലേര്‍പ്പെടുന്നതുകൊണ്ട് ഗര്‍ഭധാരണം ഇല്ലാതാവില്ല. എന്നാല്‍ അമിതമായ ശാരീരികാധ്വാനം മൂലം ശരീരഭാരം കുറയുന്നത് ഗര്‍ഭധാരണത്തെ ബാധിച്ചേക്കാം. ഇതിന്റെ ഫലമായി പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണിന്റെ കുറവ് ഉണ്ടാവാം. കൂടാതെ ആര്‍ത്തവചക്രം കുറഞ്ഞെന്നും വരാം. ഗര്‍ഭം അലസി പോകാന്‍ ഇത് കാരണമായേക്കാം.

8. ആര്‍ത്തവരക്തക്കുറവുള്ളവര്‍ക്ക് ഗര്‍ഭംധരിക്കാന്‍ പ്രയാസമാണെന്ന് കേട്ടിട്ടുണ്ട്. ഇതു ശരിയാണോ?

ആര്‍ത്തവ രക്തം കുറവാണെന്ന ഒറ്റക്കാരണത്താല്‍ പ്രത്യുത്പാദനം ബുദ്ധിമുട്ടാവുമെന്ന് പറയാനാവില്ല. ആര്‍ത്തവ രക്തം കുറയുന്നതിന്റെ കാരണമാണ് ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ആര്‍ത്തവരക്ത്തിന്റെ അളവില്‍ വലിയ വ്യത്യാസമില്ലാതെ ആര്‍ത്തവം ഉണ്ടാകുന്നുണ്ടെങ്കില്‍ ഭയപ്പെടേണ്ടതില്ല. ആര്‍ത്തവരക്തത്തിന്റെ അളവില്‍ കുറവുണ്ടാകുന്നതിന് കാരണങ്ങള്‍ പലതുണ്ട്. പോളിസിസ്റ്റിക് ഓവറി, അമിത വണ്ണം എന്നീ പ്രശ്‌നങ്ങളുള്ളവരില്‍ ആര്‍ത്തവരക്തത്തിന്റെ അളവില്‍ കുറവ് കാണാറുണ്ട്. അമിത വണ്ണമുള്ളവര്‍ അത് കുറയ്ക്കുകയും പി.ഒ.സി ഉള്ളവര്‍ ചികിത്സലഭ്യമാക്കുകയും ചെയ്താല്‍ ആര്‍ത്തവരക്തത്തിലെ കുറവ് പരിഹരിക്കാവുന്നതാണ്. ഇതുവഴി ഗര്‍ഭധാരണം സാധ്യമാവും.

9. അമിത ലൈംഗികത ഗര്‍ഭധാരണത്തിന് തടസമാവുമോ?

ലൈംഗികതയിലെ ഏറ്റക്കുറച്ചിലുകള്‍ ഗര്‍ഭധാരണത്തെ ബാധിക്കുന്നില്ല. എന്നാല്‍ ഒന്നിലേറെ ആളുകളുമായും സുരക്ഷിത മല്ലാതെയും സെക്‌സിലേര്‍പ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ഗര്‍ഭധാരണം തടയുകയും ചെയ്യുന്നു. കൂടാതെ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുകൊണ്ട് യോനിയില്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് യോനിയിലും ഗര്‍ഭാശയത്തിലും അണുബാധയുണ്ടാക്കാം.
അത് ഗര്‍ഭധാരണത്തെ ബാധിക്കും.

10. ഗര്‍ഭധാരണത്തിനായി, ലൈംഗിക ബന്ധത്തിനു ശേഷം എത്രസമയം ശുക്ലം യോനിയില്‍ നിലനിര്‍ത്തണം?

ഗര്‍ഭധാരണം നടക്കാന്‍ ശുക്ലം യോനിയില്‍ തങ്ങിനില്‍ക്കാന്‍ അനുവദിക്കണമെന്ന വിശ്വാസം നിലവിലുണ്ട്. അതിനായി ബന്ധപ്പെടുമ്ബോള്‍ ശുക്ലം പുറത്തേക്ക് പോകാതിരിക്കാന്‍ സ്ത്രീയുടെ അരക്കെട്ടിനു കീഴെ തലയിണ വയ്ക്കണമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രമനുസരിച്ച്‌ ഇതിലൊന്നും വലിയ ശാസ്ത്രീയത കാണുന്നില്ല. ഒന്നോ രണ്ടോ മിനിട്ടുകള്‍ മാത്രം ശുക്ലം യോനിയില്‍ തങ്ങി നിന്നാല്‍ മതിയാവും. ഇതിനിടയില്‍ ആവശ്യമുള്ള പുരുഷ ബീജം ഗര്‍ഭാശയത്തില്‍ പ്രവേശിച്ചിട്ടുണ്ടാവും.