
സ്വന്തം ലേഖിക
ചാവക്കാട്: തിരുവത്ര അത്താണിയിൽ സ്വകാര്യ ബസ് ഗട്ടറിൽ ചാടിയതിനെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിലേക്ക് ചെളി വെള്ളം തെറിച്ചു.അതിന് പ്രതികാരമായി കൂട്ടമായെത്തിയ ഓട്ടോ ഡ്രൈവർമാർ ചാവക്കാട് ബസ് സ്റ്റാൻഡിലുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെ ചെളി വെള്ളത്തിൽ ശരിക്കങ്ങ് കുളിപ്പിച്ചു.
കൈയ്യാങ്കളി അവസാനിച്ചത് പോലീസ് എത്തിയപ്പോഴാണ്. ബസ് ഡ്രൈവർക്ക് പൊതുജനമദ്ധ്യേ വസ്ത്രം നൽകുകയും ട്രിപ്പ് മുടങ്ങിയതിന്റെ തുക ഓട്ടോ ഡ്രൈവർമാരിൽ നിന്ന് ഈടാക്കി നൽകുകയും ചെയ്തു. മന്ദലാംകുന്ന് നിന്ന് ചാവക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് തിരുവത്ര അത്താണി ദേശീയ പാതയിലെ വലിയ ചെളികുഴിയിൽ വീണത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവഴി ചാവക്കാട്ടേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷയിലേക്ക് ചെളിവെള്ളം തെറിക്കുകയായിരുന്നു. ചാവക്കാട് ബസ് സ്റ്റാൻഡിനടുത്തുള്ള പാർക്കിലെ ഓട്ടോറിക്ഷ ചാവക്കാട്ടേക്ക് എത്തുമ്പോഴേക്കും ഓട്ടോ ഡ്രൈവർമാർ സംഘടിച്ച് പാത്രത്തിൽ ചെളി കലക്കി ബസ് ഡ്രൈവറുടെ നേരെ ഒഴിക്കുകയായിരുന്നു. പ്രതിഷേധവുമായി ബസ്സ് ഡ്രൈവർമാരും രംഗത്തെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി.
സി.ഐ: ജി. ഗോപകുമാർ, എ.എസ്.ഐ: വിൽസൺ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയതോടെ പ്രശ്നത്തിന് പരിഹാരവും കണ്ടു. ബസ് ഡ്രൈവർക്ക് പുതു വസ്ത്രം വാങ്ങിനൽകണമെന്നും മുടങ്ങിയ ട്രിപ്പിന്റെ തുക നൽകണമെന്നും പൊലീസ് നിർദ്ദേശിച്ചു. ഈ ആവശ്യം ഓട്ടോഡ്രൈവർമാർ അംഗീകരിച്ചതോടെ പ്രശ്‌നം ഒത്തു തീർന്നു.