ഗുരുവായൂരപ്പന് കാണിക്കയായി വെങ്കലത്തിൽ തീർത്ത രണ്ട് ടൺ ഭാരമുള്ള ഭീമൻ വാർപ്പ് നൽകി പാലക്കാട് സ്വദേശി ;പതിനേഴരയടി വ്യാസമുള്ള ഈ വാർപ്പിൽ ആയിരം ലിറ്റർ പായസം തയ്യാറാക്കാനാവും
സ്വന്തം ലേഖിക
തൃശ്ശൂർ: വെങ്കലത്തിൽ നിർമ്മിച്ച രണ്ട് ടൺ ഭാരമുള്ള ഭീമൻ വാർപ്പ് ഇനി ഗുരുവായൂരപ്പന് സ്വന്തം. വെങ്കല പാത്ര നിർമ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറിൽ നിർമ്മിച്ച വാർപ്പാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ചത്. പാലക്കാട് സ്വദേശി കെകെ പരമേശ്വരൻ നമ്പൂതിരിയുടെ കുടുംബമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി നാലു കാതുള്ള ഭീമൻ വാർപ്പ് സമർപ്പിച്ചത്.
ഇതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യം തയ്യാറാക്കാനും ഈ വാർപ്പ് ഉപയോഗിക്കും. പ്രത്യേക പൂജകൾക്ക് ശേഷമാണ് വാർപ്പ് ക്ഷേത്രത്തിന് സമർപ്പിച്ചത്. ഞായറാഴ്ച രാവിലെ ശീവേലിക്ക് ശേഷം ദേവസ്വം ഭരണ സമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ പിസി ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു പൂജ.
രണ്ട് ടൺ ഭാരമുള്ള വാർപ്പിന് പതിനേഴര അടി വ്യാസവുമുണ്ട്. ആയിരം ലിറ്റർ പായസം ഈ വാർപ്പിൽ തയ്യാറാക്കാനാവും. പൂർണമായും വെങ്കലത്തിലാണ് വാർപ്പ് നിർമ്മിച്ചത്. മാന്നാർ പരുമല കാട്ടുമ്പുറത്ത് അനന്തൻ ആചാരി, മകൻ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് വാർപ്പ് നിർമ്മിച്ചത്. മൂന്ന് മാസത്തോളം സമയമെടുത്താണ് ഇത് നിർമ്മിച്ചത്. നാൽപതോളം തൊഴിലാളികളുടെ അധ്വാനവും ഇതിന് പിന്നിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group