
ഗുരുവായൂരപ്പന്റെ ഥാര്‍ ആര്‍ക്കും സ്വന്തമാക്കാം; കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ ഡിസംബർ 18ന് പരസ്യലേലത്തിന്
സ്വന്തം ലേഖിക
ഗുരുവായൂര്‍: ഗുരുവായൂരപ്പൻ്റെ ഥാർ ഇനി ആർക്കും സ്വന്തമാക്കാം.
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ പരസ്യലേലത്തിലൂടെ വില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ എഡിഷന്‍ ഥാര്‍ വഴിപാടായി സമര്‍പ്പിച്ചത്. വിവരം അറിഞ്ഞത് മുതല്‍ ധാരാളം ഭക്തര്‍ ഥാര്‍ വാങ്ങാന്‍ ആഗ്രഹമറിയിച്ച് ദേവസ്വത്തെ സമീപിച്ചിരുന്നു.
ഇത് പരിഗണിച്ചാണ് പൊതുലേലം നടത്തി വാഹനം വില്‍ക്കാന്‍ ദേവസ്വം തീരുമാനിച്ചത്. 15 ലക്ഷമാണ് അടിസ്ഥാന വില.
ഈ മാസം 18ന് ഉച്ചയ്ക്ക് 3ന് ക്ഷേത്രം കിഴക്കേനടയില്‍ ദീപസ്തംഭത്തിന് സമീപം ലേലം നടക്കും.
അതേസമയം തുലാഭാരത്തിനുള്ള വെള്ളി, ചന്ദനം എന്നീ ദ്രവ്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു. ചന്ദനം കിലോഗ്രാമിന് 10,000 രൂപയും വെള്ളിക്ക് 20,000 രൂപയായും നിജപ്പെടുത്തി.
ക്ഷേത്രത്തില്‍ നെയ് വിളക്ക് ശീട്ടാക്കി വരുന്നവര്‍ക്കുള്ള ദര്‍ശന വഴിയില്‍ മറ്റാരെയും പ്രവേശിപ്പിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.