
ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികൾക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും; നിയന്ത്രണങ്ങളിലെ ഇളവ് ഒന്നര വർഷത്തിന് ശേഷം
സ്വന്തം ലേഖകൻ
തൃശൂർ: വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികൾക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകൾ പുനരാരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 20 മാസത്തോളമായി പത്തുവയസിൽ താഴെയുള്ള കുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് നീക്കിയത്.
ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചത്. ചൊവ്വാഴ്ച മുതൽ ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുണ്ട്. പുലർച്ചെ അഞ്ചുമുതൽ പ്രഭാത ഭക്ഷണത്തോടെ പ്രസാദ ഊട്ട് ആരംഭിക്കും. അയ്യപ്പന്മാരുടെ കെട്ടുനിറ, ഓൺലൈൻ ബുക്ക് ചെയ്ത ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനം, വൈകീട്ട് 3.30 മുതൽ ദർശനം എന്നിവയും തുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല തീർഥാടകരെ ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ പ്രവേശിപ്പിക്കും. ക്ഷേത്രത്തിൽ ഏകാദശി വിളക്കുകൾ തിങ്കളാഴ്ച ആരംഭിക്കും. ഡിസംബർ 14നാണ് ഏകാദശി.