
എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേയ്ക്കുള്ള യാത്രക്കാരുടെ ദുരിത യാത്രയ്ക്ക് പരിഹാരം; ഗുരുവായൂർ – എറണാകുളം പാസഞ്ചർ കായംകുളത്തേയ്ക്ക് ദീർഘിപ്പിക്കണമെന്ന നിവേദനം കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്രറെയിൽവേ മന്ത്രിയ്ക്ക് കൈമാറി
കോട്ടയം: എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളം ഭാഗത്തേയ്ക്കുള്ള തിരക്കുകൾക്ക് പരിഹാരമായി ഗുരുവായൂർ – എറണാകുളം പാസഞ്ചർ കായംകുളത്തേയ്ക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് സന്ദർശിച്ച് നിവേദനം നൽകി.
എറണാകുളത്തെ വിവിധ ഓഫീസുകളിൽ ജോലി ചെയ്ത് മടങ്ങുന്നവർ മെട്രോ മാർഗ്ഗം തൃപ്പൂണിത്തുറയിലെത്തി ട്രെയിനിൽ കയറിപറ്റാൻ അനുഭവിക്കുന്ന ദുരിതം യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എം പിയോട് പങ്കുവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുംഭമേളയ്‌ക്ക് ഡിവിഷനിൽ നിന്ന് അയച്ച മെമുവിന് ബദലായി ലഭിച്ച ഐ സി എഫ് റേക്കുകൾ നിലനിർത്തിക്കൊണ്ട് ഗുരുവായൂർ പാസഞ്ചർ കോട്ടയം വഴി കായംകുളത്തേയ്‌ക്ക് ദീർഘിപ്പിക്കണമെന്ന് എം പി, കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
തെക്കൻ ജില്ലകളിൽ നിന്ന് ഗുരുവായൂർ സന്ദർശനം നടത്തുന്നവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ പുലർച്ചെ 3.30 ന് കായംകുളത്ത് നിന്ന് ഗുരുവായൂരിലേയ്‌ക്ക് പുറപ്പെടുന്ന വിധമാണ് സർവീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിരാവിലെ എറണാകുളം ഭാഗത്തേയ്‌ക്ക് ട്രെയിനുകളില്ലെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടുന്നതാണ്. അത്യാധുനിക എൽ.എച്ച്.ബി കോച്ചുകളിലേയ്‌ക്ക് അപ്ഗ്രേഡ് ചെയ്യുന്ന എക്സ്പ്രസ്സ് ട്രെയിനുകളുടെ ഐ.സി.എഫ് കോച്ചുകൾ ഉപയോഗിച്ച് നിലവിലെ യാത്രാക്ലേശം പൂർണ്ണമായും പരിഹരിക്കണമെന്ന് എം പി ആവശ്യപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് 1.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 3.50 ന് എറണാകുളം ടൗണിലെത്തുന്ന പാസഞ്ചർ 5.20 ന് കോട്ടയത്തും 7.15 ന് കായംകുളത്തും എത്തിച്ചേരാമെന്ന് മന്ത്രിയ്‌ക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോട്ടയത്തുനിന്നുള്ള ഓഫീസ് ജീവനക്കാരുടെ വർഷങ്ങളായുള്ള ആവശ്യവും ഈ സർവീസിലൂടെ സഫലമാകുന്നതാണ്. ട്രെയിനുകളിലെ അനിയന്ത്രിതമായ തിരക്കുകൾ മൂലം കടുത്ത മാനസിക സമ്മർദ്ദവും ശാരീരിക അസ്വാസ്ഥ്യങ്ങളും യാത്രക്കാർ നേരിടുന്നതായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ എം പി യുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
നിലവിലെ ഒരു സർവീസിനെയും ബാധിക്കാതെ അഡിഷണൽ റേക്ക് നിലനിർത്തിക്കൊണ്ട് ഗുരുവായൂർ – കായംകുളം സർവീസ് ക്രമീകരിക്കാവുന്നതാണ്. റേക്ക് ഷെയറിലുള്ള ട്രെയിനുകളുടെ സമയത്തിൽ പോലും മാറ്റം വരുത്താതെ സർവീസ് തുടരാനും സാധിക്കും. ഡേ എക്സ്പ്രസ്സ് ട്രെയിനുകൾ കൂടുതൽ പരിഗണിച്ചാലെ നിലവിലെ യാത്രാക്ലേശത്തിന് പരിഹരമാകുകയുള്ളുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.