play-sharp-fill
നിവേദ്യ സമയത്ത് ദേവസ്വം ചെയർമാനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട സംഭവം : വിവരക്കേടെന്ന് ചെയർമാൻ ;ചെയർമാൻ വഴിയിൽ നിൽക്കുന്നത് അശുദ്ധിയെന്നു തന്ത്രി , വിവാദം പെരുവഴിയിലേക്ക്

നിവേദ്യ സമയത്ത് ദേവസ്വം ചെയർമാനോട് മാറി നിൽക്കാൻ ആവശ്യപ്പെട്ട സംഭവം : വിവരക്കേടെന്ന് ചെയർമാൻ ;ചെയർമാൻ വഴിയിൽ നിൽക്കുന്നത് അശുദ്ധിയെന്നു തന്ത്രി , വിവാദം പെരുവഴിയിലേക്ക്

സ്വന്തം ലേഖകൻ

ഗുരുവായൂർ: ക്ഷേത്രത്തിൽ ഇടത്തരികത്തുകാവിൽ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണ ചടങ്ങിനെത്തിയ ദേവസ്വം ചെയർമാനോടു തന്ത്രി മാറി നിൽക്കാൻ പറഞ്ഞ സംഭവം അടുത്ത ഭരണസമിതി ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുമെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിയുടെ കലശച്ചടങ്ങിന്റെ ആചാര്യവരണ ചടങ്ങിനെത്തിയപ്പോഴാണ് ചെയർമാനോട് തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് മാറി നിൽക്കാൻ പറഞ്ഞത്.ദീപാരാധന കഴിഞ്ഞ് ആചാര്യവരണത്തിനുശേഷം ചടങ്ങുകൾ തുടങ്ങിയതോടെയായിരുന്നു മാറിനിൽക്കാൻ പറഞ്ഞത്. ഭഗവതി ക്ഷേത്രത്തിന്റെ വാതിൽമാടത്തിലാണ് ചടങ്ങുകൾ നടന്നിരുന്നത്. വാതിൽമാടത്തിന്റെ ഇടവഴിയുടെ അറ്റത്താണു ചെയർമാൻ കെ.ബി. മോഹൻദാസ് നിന്നിരുന്നത്. ഭരണസമിതി അംഗമായ കെ.കെ. രാമചന്ദ്രൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ് എന്നിവരും ചെയർമാനൊപ്പം ഉണ്ടായിരുന്നു. നിൽക്കാനുള്ള സൗകര്യത്തിനു ചെയർമാൻ അൽപ്പം മുന്നിലേക്കു നിന്നതോടെയാണു തന്ത്രി മാറിനിൽക്കാൻ നിർദേശിച്ചത്.ചടങ്ങുകൾക്കുശേഷം എന്താണു മാറിനിൽക്കാൻ പറഞ്ഞതിന്റെ കാരണമെന്നു ചെയർമാൻ തന്ത്രിയോട് ചോദിച്ചു. ചടങ്ങുകൾക്കിടെ അശുദ്ധി ഉണ്ടാകരുതെന്നു കരുതിയാണു മാറാൻ ആവശ്യപ്പെട്ടതെന്നു ചടങ്ങുകൾ നടത്തിയിരുന്ന തന്ത്രി ചേന്നാസ് ഹരി നമ്പൂതരിപ്പാട് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് അടുത്ത മാസം ഒന്നിന് ചേരുന്ന ഭരണസമിതി യോഗം ചർച്ച ചെയ്ത ശേഷമേ അടുത്ത നടപടികൾ തീരുമാനിക്കുകയുള്ളൂവെന്ന് ചെയർമാൻ കെ.ബി. മോഹൻദാസ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം കൂടിയായ ക്ഷേത്രം തന്ത്രിയോട് ഒന്നാം തീയതിയിലെ ഭരണസമിതി യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടും. തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ വിഷയം ചർച്ച ചെയ്യും.തന്നോട് മാറി നിൽക്കാൻ തന്ത്രി ശ്രീകാന്ത് നമ്പൂതിരി നിർദേശിച്ചത് അദ്ദേഹത്തിന്റെ വിവരക്കേടാണെന്നും ചെയർമാൻ പറഞ്ഞു. തന്ത്രിയുടെ അധികാരത്തിൽ ഭരണസമിതി കൈകടത്തുന്നില്ലെന്നും എന്നാൽ താൻ ജനങ്ങളുടെ പ്രതിനിധിയായിട്ടാണ് ചെയർമാനായിട്ടുള്ളതെന്നും ജനങ്ങളുടെ അവകാശം നിഷേധിക്കാൻ അനുവദിക്കില്ലെന്നും ചെയർമാൻ പറഞ്ഞു. നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ അത് ക്രമപ്രകാരമാകണമെന്നും തന്ത്രിമാരുടെ വിവരക്കേടിന്റെ ഭാഗമായി ഓരോന്നും പറയുമ്പോൾ അനുവദിച്ചുകൊടുക്കാനാകില്ലെന്നും ചെയർമാൻ പറഞ്ഞു.