
സ്വന്തം ലേഖിക
ഗുരുവായൂര്‍: ഞായറാഴ്ച ഗുരുവായൂര്‍ സാക്ഷ്യംവഹിച്ചത് 236 വിവാഹങ്ങള്‍ക്ക്.ഇത്രയും വിവാഹങ്ങള്‍ ഉണ്ടായിട്ടും ഞായറാഴ്ചയായതിനാല്‍ ദര്‍ശനത്തിന് തിരക്കുണ്ടായിട്ടും എല്ലാം ചിട്ടയോടെ നടന്നു. ക്ഷേത്രനടയില്‍ തിരക്ക് നിയന്ത്രണവിധേയമായിരുന്നു. പാര്‍ക്കിങ്ങിനും ഇടമുണ്ടായി. മേല്‍പാല നിര്‍മ്മാണത്തിന്റെ ഗതാഗത നിയന്ത്രണങ്ങളുണ്ടായിട്ടും ഗതാഗതക്കുരുക്കുകള്‍ പരിധിവിട്ട് പോയില്ല.
ദേവസ്വവും പൊലീസും നഗരസഭയും നടത്തിയ മുന്നൊരുക്കങ്ങളുടെ വിജയമായിരുന്നു ചിട്ടയോടെ നടന്ന വിവാഹങ്ങള്‍. തിരക്ക് പരിഗണിച്ച് രണ്ട് കല്യാണ മണ്ഡപങ്ങള്‍ താല്‍ക്കാലികമായി ഒരുക്കിയിരുന്നു. കൂടുതല്‍ കോയ്മമാരെയും നിയമിച്ചിരുന്നു. ഫോട്ടോഗ്രാഫറടക്കം 26 പേരെ മാത്രമാണ് കല്യാണ മണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിച്ചത്. വിവാഹസംഘങ്ങള്‍ക്ക് മുഹൂര്‍ത്ത സമയം വരേക്ക് കാത്തിരിക്കാനും ഓഡിറ്റോറിയത്തില്‍ സൗകര്യമൊരുക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും രംഗത്തുണ്ടായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്‌മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റര്‍ പി. മനോജ് എന്നിവര്‍ നേരിട്ട് രംഗത്തിറങ്ങി ക്രമീകരണങ്ങള്‍ പരിശോധിച്ചു. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വിവാഹ രജിസ്‌ട്രേഷനെത്തുന്നവര്‍ക്കും വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ക്കിങ് ആരംഭിച്ചിട്ടില്ലാത്ത നഗരസഭയുടെ ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന്റെ താഴത്തെ ഭാഗം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരസഭ ടൗണ്‍ ഹാളിലും പാര്‍ക്കിങ് സൗകര്യമൊരുക്കി.