video
play-sharp-fill

പള്ളിക്കത്തോട്ടിലെ തോക്ക് വിൽപ്പന: ഒൻപതിടത്ത് കൂടി പൊലീസ് റെയ്ഡ്; തോക്ക് ഉപയോഗിച്ചത് എന്തിനെന്ന അന്വേഷണത്തിൽ പൊലീസ്: വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സംഭവത്തിൽ ബന്ധമെന്ന് സൂചന

പള്ളിക്കത്തോട്ടിലെ തോക്ക് വിൽപ്പന: ഒൻപതിടത്ത് കൂടി പൊലീസ് റെയ്ഡ്; തോക്ക് ഉപയോഗിച്ചത് എന്തിനെന്ന അന്വേഷണത്തിൽ പൊലീസ്: വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സംഭവത്തിൽ ബന്ധമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പള്ളിക്കത്തോട്ടിൽ നാടൻ തോക്ക് നിർമ്മിച്ചു വിറ്റ സംഭവത്തിൽ ബിജെപിയ്ക്ക് മാത്രമല്ല എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമെന്ന് സൂചന. പള്ളിക്കത്തോട്ടിലെ അറിയപ്പെടുന്ന തോക്ക് നിർമ്മാതാക്കളായ പനിക്കുഴിയിലെ കുടുംബമാണ് വ്യാവസായിക അടിസ്ഥാനത്തിൽ ഇവിടെ തോക്ക് നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്നത് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ കുടുംബം തോക്ക് വിതരണം ചെയ്തിരുന്നവരിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഉണ്ടെന്നാണ് സൂചന.

കേസിൽ ആദ്യം ബി ജെ പി – ആർ.എസ്.എസ് നേതാവ് വിജയൻ അറസ്റ്റിലായതോടെയാണ് സംഭവം സി പി എം ഏറ്റെടുത്തതും ബിജെപിയ്ക്കെതിരെ പ്രധാന പ്രചാരണ ആയുധമായി ഇത് മാറിയതും. ഈ സാഹചര്യത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജില്ലയിലെ പ്രമുഖരിൽ പലരും തോക്ക് വിവാദത്തിൽ കുടുങ്ങും എന്ന് വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെയും ജില്ലയിലെയും പല പ്രമുഖ സി പി എം കോൺഗ്രസ് ബി ജെ പി നേതാക്കളും പ്രതികളിൽ നിന്ന് തോക്ക് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഇടനിലയിൽ വൻ വ്യവസായികളും , രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ട ഗുണ്ടകളും തോക്ക് കൈവശപ്പെടുത്തിയിട്ടുണ്ട്.

പ്രതികൾ തോക്കു വിറ്റവരുടെ പട്ടിക പൊലീസ് ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ തോക്കുമായി എല്ലാവരും എത്തണമെന്ന നിർദേശമാണ് പൊലീസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ എത്താൻ തയ്യാറാകാത്തവരെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബി.ജെ.പി നേതാവ് മുക്കാളി കദളിമറ്റം വീട്ടിൽ കെ.എൻ വിജയൻ, ചെങ്ങന്നൂർ മാന്നാർ സ്വദേശി ലിജോ, പള്ളിക്കത്തോട് മന്ദിരം ജംഗ്ഷനു സമീപം ആല നടത്തുന്ന തട്ടാമ്പറമ്പിൽ മനേഷ് കുമാർ (43), സഹോദരൻ രാജൻ (50), ആനിക്കാട് കൊമ്പിലാക്കൽ ബിനീഷ് കുമാർ (34), ളാക്കാട്ടൂർ വട്ടോലിൽ രതീഷ് ചന്ദ്രൻ (38) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

പിടിയിലായവർക്കെതിരെ ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനാണ് കേസ് രജിസറ്റർ ചെയ്യുക. തോക്ക് നിർമ്മിക്കാൻ ലൈസൻസുള്ള കമ്പനിയിൽ നിന്നു തോക്ക് വാങ്ങിയെങ്കിൽ മാത്രമേ തോക്കിന് ലൈസൻസ് ലഭിക്കൂ. അംഗീകാരമില്ലാതെ നാടൻ തോക്കാണ് പള്ളിക്കത്തോട്ടിലെ സംഘം നിർമ്മിച്ചിരിക്കുന്നത്. ഈ സംഘത്തിന് തോക്ക് ലൈസൻസ് നിലവിലില്ല. ഈ സാഹചര്യത്തിൽ ഇവരിൽ നിന്നും തോക്ക് വാങ്ങിയവരെല്ലാം കേസിൽ പ്രതിയാകും.