play-sharp-fill
മര്യാദയ്ക്ക് സംസാരിക്കാൻ പറഞ്ഞതിന് എസ് ഐ യുടെ പ്രതികാരം യുവാവിന് പാരയായി: വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പൊലീസ് കേസ് : എന്ത് ചെയ്യണമെന്നറിയാതെ തെന്മല സ്വദേശി

മര്യാദയ്ക്ക് സംസാരിക്കാൻ പറഞ്ഞതിന് എസ് ഐ യുടെ പ്രതികാരം യുവാവിന് പാരയായി: വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ പൊലീസ് കേസ് : എന്ത് ചെയ്യണമെന്നറിയാതെ തെന്മല സ്വദേശി

സ്വന്തം ലേഖകൻ

പുനലൂർ: മര്യാദയ്ക്ക് സംസാരിക്കണമെന്ന് എസ് ഐ യോട് പറഞ്ഞതിന്റെ പേരിൽ യുവാവിന് നേരിടേണ്ടി വരുന്നത് കൊടിയ പീഡനം. വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ യുവാവ് ക്രിമിനൽ കേസിൽ കുടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തെന്മല പൊലീസിനെതിരെ ഒറ്റയ്‌‌ക്കൽ പത്തേക്കർ വിഷ്‌ണുഭവനിൽ വിഷ്‌ണുവാണ് (24) വീട്ടിൽ നിന്നും പുറത്തിറക്കിയാൽ കേസിൽ കുടുങ്ങുന്നത്. ചൊവ്വാഴ്‌ച രാത്രി ഒറ്റയ്‌ക്കൽ ജംഗ്‌ഷനിലെ ചന്തയിൽ വിഷ്‌ണു ബൈക്ക് നിർത്തി. ഇതിന് സമീപം ചിലർ കൂടിനിന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. ഇതറിയാതെയാണ് വിഷ്ണു ഇവിടെ ബൈക്ക് വച്ചത്. വിവരം ആരോ അറിയിച്ചത് പ്രകാരം പൊലീസെത്തിയപ്പോഴേയ്ക്കും മദ്യപസംഘം സ്ഥലം വിട്ടു.
വിഷ്‌ണു ബൈക്കിൽ പുറപ്പെടാൻ എത്തിയപ്പോൾ പൊലീസ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു. മദ്യപിച്ചതായി സ്ഥാപിക്കാനാകാത്തിന്റെ പേരിൽ വിഷ്‌ണുവിനെ എസ്.ഐ തെറി വിളിച്ചു. മര്യാദയ്‌ക്ക് സംസാരിക്കണമെന്ന് എസ്.ഐയോട് പറഞ്ഞതോടെ മർദ്ദിച്ച് ജീപ്പിൽ കയറ്റി. എസ്.ഐ തുടങ്ങിവച്ച മർദ്ദനത്തിന് ഒരു പൊലീസുകാരനും ഒപ്പം ചേർന്നു. താക്കോൽ കൊണ്ട് നട്ടെല്ലിനിടിച്ചു. തുടർന്ന് പൊലീസ് ലോക്കപ്പിലും മർദ്ദനം തുടർന്നു. ചീത്ത വിളിച്ചപ്പോൾ വിഷ്‌ണു എതിർത്തു. അതിനും മർദ്ദിച്ചു. വിഷ്‌ണു മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നത് അറിയാമായിരുന്ന ഒരു പൊലീസുകാരൻ രോഗ വിവരം എസ്.ഐയെ അറിയിച്ചു. തുടർന്നാണ് മർദ്ദനം നിറുത്തിയത്.
ഇതിനിടെ ഒരു സുഹൃത്തെത്തി വിഷ‌്ണുവിനെ ജാമ്യത്തിലിറക്കി. ഈ സമയം നിന്നെ കേസിൽ കുടുക്കുമെന്നും ജാമ്യം കിട്ടാത്ത വകുപ്പായിരിക്കുമെന്നും എസ്.ഐ ഭീഷണി മുഴക്കിയത്രെ. തുടർന്ന് ഇന്നലെ രാത്രി എസ്.ഐ യുടെ സുഹൃത്ത് വന്ന് വിഷ്‌ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി എസ്.ഐയെ ചോദ്യം ചെയ്യുമോയെന്ന് ചോദിച്ച് മർദ്ദിക്കാനൊരുങ്ങി. വിഷ്‌ണു ചെറുത്തതോടെ ഇയാൾ പിന്മാറി.
കഴിഞ്ഞ ദിവസത്തെ മർദ്ദനത്തെ തുടർന്ന് ഇന്നലെ വിഷ്‌ണു ആശുപത്രിയിൽ ചികിത്സ തേടി. കൈക്ക് പൊട്ടലുള്ളതായി ഡോക്‌ടർ സ്ഥിരീകരിച്ചു. കൂടാതെ വയറ്റത്തും നട്ടെല്ലിനും ചതവുമുണ്ട്. മുഖത്ത് അഞ്ഞടിച്ചതിനെ തുടർന്ന് പല്ലിനിടയിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. എസ്.ഐ ക്കും പൊലീസുകാരനുമെതിരെ വിഷ്‌ണു തന്റെ ഫേസ് ബുക്ക് പേജിൽ പോസ്‌റ്റിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്. നേരത്തെ വിഷ്‌ണുവിനെതിരെ മൂന്ന് കേസ് എടുത്തിട്ടുണ്ട്. ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് വിഷ്‌ണു പറയുന്നു. നിലവിൽ വിഷ്‌ണു വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.