ക്രൈം ഡെസ്ക്
കോട്ടയം: ജയിൽ മാറ്റുന്നതിൻ്റെ ഭാഗമായി കോട്ടയം ജില്ലാ ജയിലിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ ഗുണ്ടാ സംഘത്തലവൻ അലോട്ടിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെടുത്താൻ , പൊലീസുകാരെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ കൂടി പിടിയിൽ.
ആർപ്പൂക്കര വില്ലൂന്നി വില്ലൂന്നിപ്പള്ളി ഭാഗം പിഷാരത്ത് വീട്ടിൽ സൂര്യദത്തൻ (19) , വില്ലൂന്നി തൊമ്മൻകവല പാലത്തൂർ ടോണി തോമസ് (22) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടി കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ക്രിമിനൽക്കേസുകളിലും, ഗുണാ കേസിലും പ്രതിയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബി (29)നെ രക്ഷപെടുത്താൻ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലാണ് നടപടി.
സംഭവവുമായി ബന്ധപ്പെട്ട് അലോട്ടിയുടെ സന്തത സഹചാരി ആർപ്പൂക്കര വില്ലൂന്നി ചിലമ്പത്ത്‌ശേരി വീട്ടിൽ ജോസഫിന്റെ മകൻ റൊണാൾഡോ (ടുട്ടു-18)വിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജൂൺ 28 ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന അലോട്ടിയെ, ഇയാളുടെ അഭ്യർത്ഥന പ്രകാരം കോട്ടയം ജില്ലാ ജയിലിലേയ്ക്കു മാറ്റുകയായിരുന്നു.
ഇത്തരത്തിൽ ജയിൽ മാറ്റുന്നതിനായി അലോട്ടിയെയുമായി പൊലീസ് സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം എത്തി. ഈ സമയം ഇവിടെ നിന്ന ഗുണ്ടാ സംഘം അലോട്ടിയ്ക്കു സുരക്ഷ ഒരുക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശികളായ സിവിൽ പൊലീസ് ഓഫിസർമാരായ മഹേഷ് രാജിനെയും, പ്രദീപിനെയും ആക്രമിക്കുകയായിരുന്നു.
ക്രൂരമായി മർദനമേറ്റ പൊലീസ് ഉദ്യോഗസ്ഥർ ഗുണ്ടാ സംഘത്തിൽ നിന്നും അലോട്ടിയെയുമായി സബ് ജയിലിലേയ്ക്കു പോയി. തുടർന്നു, ഇവിടെ നിന്നും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
തുടർന്നു, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്ത പൊലീസ് സംഘം അലോട്ടിയെ സംരക്ഷിക്കാൻ എത്തിയ ഗുണ്ടാ സംഘത്തെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സൂര്യദത്തൻ, ടോണി തോമസ് എന്നിവരെ ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ നിർമ്മൽ ബോസ്, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.