
വഴിത്തർക്കത്തെ തുടർന്ന് തോട്ടയ്ക്കാട്ട് ഗുണ്ടാ ആക്രമണം: തടയാനെത്തിയ എ.എസ്.ഐയെ ഗുണ്ടാ സംഘം ആക്രമിച്ചു; ഗുണ്ടാ സംഘത്തിലെ രണ്ടു പേർ കസ്റ്റഡിയിൽ
അപ്‌സര കെ.സോമൻ
വാകത്താനം: വഴിത്തർക്കത്തെ തുടർന്ന് തോട്ടയ്ക്കാട് വീട്ടുടമസ്ഥനു നേരെയുണ്ടായ ഗുണ്ടാ ആക്രമണം തടയാനെത്തിയ എ.എസ്.ഐയെ അക്രമി സംഘം അടിച്ചു വീഴ്ത്തി. ആക്രമണത്തിൽ കാൽ മുട്ടിനു പരിക്കേറ്റ വാകത്താനം സ്റ്റേഷനിലെ എ.എസ്.ഐ ജോൺസൺ ആന്റണിയെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേരെ വാകത്താനം എസ്.ഐ പി.സി ചന്ദ്രബാബു കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് നാലുമണിയോടെ തോട്ടയ്ക്കാട് കൺട്രാമറ്റത്തായിരുന്നു സംഭവം. കൺട്രാമറ്റത്ത് വാഴയിൽ അലക്‌സിന്റെ വീട്ടിൽ വഴിത്തർക്കത്തെ തുടർന്നു ഗുണ്ടാ ആക്രമണം നടക്കുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് എ.എസ്.ഐ ജോൺസൺ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് പൊലീസ് സംഘം വീട്ടിലെത്തിയതോടെ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘം ആക്രമണം പൊലീസിനു നേരെയാക്കി. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ എ.എസ്.ഐ ജോൺസൺ ആന്റണി നിലത്തു വീണു. വീണു കിടന്ന ജോൺസണിനെ അക്രമി സംഘം ചവിട്ടി. ചവിട്ടേറ്റ് ജോൺസണിന്റെ മുട്ടിന് പരിക്കേൽക്കുകയും, ലിഗ്മെന്റ് തകരാറിലാകുകയും ചെയ്തു. ഇതേ തുടർന്ന് പൊലീസ് വാഹനത്തിൽ തന്നെ ജോൺസണിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുട്ടിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇവിടെ മൂന്നു തുന്നിക്കെട്ടലുകൾ വേണ്ടി വന്നു. ലിഗ്മെന്റിനും തകരാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിരക്ഷപെടാൻ ശ്രമിച്ച ആറംഗ ഗുണ്ടാ സംഘത്തിൽ രണ്ടു പേരെ പൊലീസ് പിടികൂടി. ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. വീട്ടുടമയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹവും ആശുപത്രിയിൽ ചികിത്സ തേടി. വീട് ആക്രമിച്ചതിനും, പൊലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും, പൊലീസുകാരനെ ആക്രമിച്ചതിനും ഗുണ്ടാ സംഘത്തിനെതിരെ കേസെടുത്തിട്ടുണ്ട്.