ഏറ്റുമാനൂരിൽ വീടുകൾക്കു നേരെ ഗുണ്ടാ ആക്രമണം: രാത്രിയിൽ മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം നാലു വീടുകൾ അടിച്ചു തകർത്തു; സ്ത്രീകളെ ആക്രമിച്ച സംഘം പതിനാറുകാരന്റെ തല അടിച്ചു തകർത്തു; അരമണിക്കൂറോളം അഴിഞ്ഞാടിയ അക്രമി സംഘത്തിന്റെ താണ്ഡവത്തിൽ വിറച്ച് നാട്

Spread the love

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: ഓട്ടോഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നു ഗുണ്ടാ മാഫിയ സംഘം വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി എത്തി ഏറ്റുമാനൂരിൽ വീടുകൾ അടിച്ചു തകർത്തു. കത്തിയും വടിവാളും ചുഴറ്റി വീശി അഴിഞ്ഞാടിയ അക്രമി സംഘം പതിനാറുകാരനെ അടിച്ചു വീഴ്ത്തി. സ്ത്രീകളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം അരമണിക്കൂറോളം പ്രദേശത്ത് അഴിഞ്ഞാടി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ ബിനീഷിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐയ്ക്കു സമീപം തച്ചിലേട്ട് റോഡിൽ പുന്നാപറമ്പിൽ ഷാജി, കൊട്ടാരമുകളേൽ വീട്ടിൽ മനോജ്, കൊട്ടാരമുകളേൽ ബൈജു, കൊട്ടാരമുകളേൽ ജീന എന്നിവരുടെ വീടുകളാണ് പതിനഞ്ചോളം വരുന്ന അക്രമി സംഘം തല്ലിത്തകർത്തത്.

ഞായറാഴ്ച രാത്രി ഒൻപതര മുതൽ പത്തു മണിവരെയായിരുന്നു വീടുകളിൽ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടമുണ്ടായത്. ഏറ്റുമാനൂർ ടൗണിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് പുന്നാപറമ്പിൽ ഷാജിയുടെ മകൻ ഷിജിൻ(ഉണ്ണി). ഇയാളും റെയിൽവേ സ്‌റ്റേഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ അയൽവാസിയും തമ്മിൽ ഞായറാഴ്ച വൈകിട്ട് വഴക്കുണ്ടായിരുന്നു. ഈ വിഷയത്തിൽ പരാതി ഏറ്റുമാനൂർ സ്റ്റേഷനിൽ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാതി അന്വേഷിക്കുന്നതിനായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം വീട്ടിലും എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയിൽ പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘം മാരകായുധങ്ങളുമായി വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്. തുടർന്നു, നാലു വീടുകളും അക്രമി സംഘം അടിച്ചു തകർക്കുകയായിരുന്നു. അടുത്തടുത്തായി ഇരിക്കുന്ന വീടുകളിൽ താമസിച്ചിരുന്നവരെല്ലാം ബന്ധുക്കളാണ്.

ഷാജിയുടെ വീട്ടിലെ ബഹളം കേട്ട് മറ്റു വീടുകളിൽ നിന്നുള്ള സംഘം ഓടിയെത്തിയപ്പോഴാണ് മറ്റു വീടുകളിലേയ്ക്കു കൂടി അക്രമം വ്യാപിപ്പിച്ചത്. വീടുകൾ പൂർണമായും അടിച്ചു തകർത്ത സംഘം മുറ്റത്തിരുന്ന വാഹനങ്ങളും തല്ലിത്തകർത്തിട്ടുണ്ട്.